KeralaNews

സംഗീത ആല്‍ബം നായകന്‍ അറസ്റ്റില്‍

തൃശൂര്‍ : തൃശൂര്‍ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ട് എടിഎം യന്ത്രങ്ങളില്‍നിന്നു പണം കവരാന്‍ ശ്രമിച്ച കേസില്‍ സംഗീത ആല്‍ബം നായകനും എന്‍ജിനീയറിങ് വിദ്യാര്‍ഥിയും അറസ്റ്റില്‍. ഒട്ടേറെ വീഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുള്ള ആറ്റൂര്‍ പൈവളപ്പില്‍ മുഹമ്മദ് ഫസില്‍ (23), എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സ്വര്‍ണത്തട്ടിപ്പ് അടക്കം വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്നു പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 25നു പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ത്തു പണം കവരാന്‍ ശ്രമിച്ച കേസിലാണു പൊലീസ് ഇവരെ കുടുക്കാനുള്ള ശ്രമം തുടങ്ങിയത്. വിശദാന്വേഷണത്തില്‍ കഴിഞ്ഞ ജനുവരി 11ന് ഒറ്റപ്പാലം ലക്കിടിയിലെ ബാങ്ക് ഓഫ് ബറോഡ എടിഎമ്മും തകര്‍ക്കാന്‍ ഇവര്‍ ശ്രമിച്ചതായി തെളിഞ്ഞു. രണ്ടു കവര്‍ച്ചശ്രമങ്ങളും പുലര്‍ച്ചെ രണ്ടിനായിരുന്നു. രണ്ടു കേസുകളിലെയും സമാനതകളെ ചുറ്റിപ്പറ്റി ആരംഭിച്ച അന്വേഷണം ഒടുവില്‍ ഫസിലിലും അര്‍ജുനിലും എത്തി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണിവിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിക്കാനും ഇവരടങ്ങുന്ന സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ചാണു പൊലീസ് ഇവരുമായി ബന്ധപ്പെട്ടത്.

ഉന്നത ബിരുദധാരികളും മികച്ച കുടുംബാന്തരീക്ഷങ്ങളില്‍നിന്നുള്ളവരുമായ ഇവര്‍ സുഹൃത്തുക്കളുമൊത്തു കറങ്ങാനും അര്‍ഭാട ജീവിതം നയിക്കാനും വേണ്ടിയാണ് എടിഎം കവര്‍ച്ച തിരഞ്ഞെടുത്തത്. പിടിക്കപ്പെടാന്‍ ഏറെ സാധ്യതയുണ്ടെന്നിരിക്കെ എന്തിന് എടിഎംതന്നെ മോഷ്ടിക്കാന്‍ തിരഞ്ഞെടുത്തു എന്നു ചോദിച്ച പൊലീസിനോട് ഇരുവരും പറഞ്ഞത് ഒരേ മറുപടി, ”ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ…” തൃശൂരിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ് ഇരുവരും.
എടിഎം കവര്‍ച്ചയ്ക്കു യുവാക്കള്‍ പരിശീലനം നേടിയത് ഇന്റര്‍നെറ്റിനെ ആശ്രയിച്ചാണെന്നു വ്യക്തമായി. ഗൂഗിളില്‍ എടിഎം തട്ടിപ്പുകളുടെ ചരിത്രം ചികഞ്ഞെടുത്തു പല വഴികള്‍ സ്വായത്തമാക്കിയശേഷമാണു കവര്‍ച്ചയ്ക്ക് ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button