ഉത്തര്‍ പ്രദേശ് : പെണ്‍കുഞ്ഞ് ജന്മം നല്‍കിയ മരുമകള്‍ക്ക് അമ്മായിയമ്മയുടെ വക ഒരു ഗംഭീര സമ്മാനം. ഒരു ഹോണ്ടാ സിറ്റി കാര്‍. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ സ്വദേശിനിയായ പ്രേമാദേവിയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ മരുമകള്‍ ഖുഷ്ബുവിന് ഹോണ്ടാ സിറ്റി സമ്മാനിച്ചത്. ചെറുമകള്‍ പിറന്നതിന്റെ സന്തോഷത്തില്‍ നടത്തിയ പാര്‍ട്ടിയില്‍ വച്ചായിരുന്നത്രെ പ്രേമാദേവിയുടെ സമ്മാന പ്രഖ്യാപനം.
ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് പ്രേമാദേവി. പെണ്‍കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനെക്കാള്‍ നല്ലതെന്നാണ് ഇവരുടെ വാദം. മരുമകളെ സ്വന്തം മകളായി കാണാനുള്ള മനസ്ഥിതി വളര്‍ത്തിയെടുത്താല്‍ മാത്രമെ പെണ്‍ഭ്രൂണഹത്യകള്‍ക്ക് അവസാനം കാണാന്‍ കഴിയൂ. അവള്‍ മറ്റാരുടെയോ മകളാണെന്ന ധാരണയെ മനസില്‍ നിന്ന് ആദ്യം കളയണം. മരുമകളെ സ്വന്തം മകളെ പോലെ സ്‌നേഹിക്കുന്നത് വീട്ടില്‍ സന്തോഷമുണ്ടാനും കാരണമാകുമെന്നും പ്രേമാദേവി കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ഇത്രയും സ്‌നേഹമുള്ള അമ്മായിയമ്മയെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഖുഷ്ബു പറയുന്നു.
Post Your Comments