കൊച്ചി: തങ്ങൾ പഠിക്കുന്ന സ്കൂൾ അടച്ച് പൂട്ടരുതെന്ന നിവേദനം നല്കാനായി എറണാകുളം ആലുവ നീറിക്കോട് എൽപി സ്കൂളിലെ കുട്ടികൾ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി. വിമാന മാർഗമാണ് കുട്ടികൾ തലസ്ഥാനത്തെത്തിയത്. തങ്ങളുടെ സ്കൂൾ അടച്ച് പൂട്ടൽ ഭീഷണിയിലാണെന്ന് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കുന്നതിനായാണ് കുട്ടികൾ ഇവിടെ എത്തിയത്. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ നീറിക്കോട് ഗവൺമെന്റ് എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് നിവേദനവുമായി എത്തുന്നതിന് വ്യത്യസ്തമാർഗം സ്വീകരിച്ചത്.
ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന 44 വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകരും അടക്കം 82 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ വിമാനത്തിലായിരുന്നു യാത്ര. തിരുവനന്തപുരത്തെത്തിയ സംഘം കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ നിയമസഭയിലെത്തുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നൽകി.
അദ്ധ്യാപകരും സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകരും ചേർന്നാണ് സാധാരണ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കു വിമാനയാത്രയ്ക്കുള്ള പണം കണ്ടെത്തിയത്. സ്കൂൾ നിലനിർത്തുന്നതിനും പ്രവർത്തനം സുഗമമാക്കുന്നതിനും സർക്കാരിന്റെ ഭാഗത്തുനിന്നു കഴിയുന്നതെല്ലാം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പും നേടിയാണ് നിവേദക സംഘം മടങ്ങിയത്. 1961 ൽ പ്രവർത്തനമാരംഭിച്ച ഈ സർക്കാർ സ്കൂൾ ഇന്ന് പ്രതിസന്ധിയിലാണ്. സ്കൂൾ ഭൂമിയിൽ നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയാത്തവിധം കോടതിയിൽ കേസ് നിലനിൽക്കുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ നാലു ക്ലാസ് മുറികൾ മാത്രമുള്ള കെട്ടിടമാണുള്ളത്.
സാധാരണക്കാരായ നിരവധി കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നത് ഇവിടെയാണ്. പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ കഴിയുന്ന തരത്തിൽ സ്കൂളിന്റെ സമഗ്ര വികസനം നടപ്പാക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചിരിക്കുന്നത്. തലസ്ഥാനത്തെത്തിയ വിദ്യാർത്ഥികളും സംഘവും ട്രെയിന്മാർഗമാണ് തിരിച്ച് എറണാകുളത്തേക്ക് പോയത്.
Post Your Comments