KeralaNews

മലപ്പുറം സ്‌ഫോടനം: രേഖാചിത്രം ഉപേക്ഷിച്ചു : ഒന്നും പറയാന്‍ തയ്യാറാകാതെ ദൃക്‌സാക്ഷികള്‍

മലപ്പുറം: കളക്ടറേറ്റ് പരിസരത്തെ സ്‌ഫോടനത്തില്‍ ദൃക്‌സാക്ഷികളെ കണ്ടെത്താനാവാതെ പൊലീസ്. കേസില്‍ നിര്‍ണായകമാകുമെന്ന് കരുതിയ രേഖാചിത്രം തയ്യാറാക്കല്‍ പൊലീസ് ഉപേക്ഷിച്ചു. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന നാലുനില കെട്ടിടത്തിന്റെ മുന്നിലാണ് സ്‌ഫോടനമുണ്ടായത്.
ജനലുകളിലൂടെ ഇവിടേക്കുളള കാഴ്ച കൃത്യമാണ്. സ്‌ഫോടനത്തിനു പിന്നില്‍ ഭീകരരാണെന്ന് കണ്ടെത്തിയതോടെ സാക്ഷിമൊഴി നല്‍കാന്‍ പലര്‍ക്കും ഭയമാണ്. ഇതാണ് പൊലീസിനെ കുഴക്കുന്നത്. അതേസമയം സ്‌ഫോടനത്തില്‍ തകര്‍ന്ന ഡി.എം.ഒയുടെ കാറിന് തൊട്ടടുത്ത കാറിലുണ്ടായിരുന്ന അരീക്കോട് സ്വദേശി മുഹമ്മദ് നല്‍കിയ വിവരങ്ങള്‍ രേഖാചിത്രമുണ്ടാക്കാന്‍ പര്യാപ്തമല്ല.

സ്‌ഫോടനത്തിന് 15 മിനിട്ട് മുമ്പ് ഡി.എം.ഒയുടെ വാഹനത്തിന് സമീപം കറുത്തബാഗുമായി ഒരാളെ കണ്ടെന്നായിരുന്നു മുഹമ്മദിന്റെ മൊഴി. അതേസമയം സ്‌ഫോടനത്തിന് കൃത്യമായ ദൃക്‌സാക്ഷികളുണ്ടാവാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
സ്‌ഫോടനത്തിന് പിന്നിലെ സാമ്പത്തികസ്രോതസ് കണ്ടെത്താന്‍ നഗരത്തിലെ മുഴുവന്‍ ബാങ്കുകളിലെയും ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്നലെ ശേഖരിച്ചു. ബേസ് മൂവ്‌മെന്റ് സ്‌ഫോടനം നടത്തിയ സംസ്ഥാനങ്ങളില്‍ നിന്നുളള ബാങ്ക് ഇടപാടുകള്‍ പ്രത്യേകമായി ശേഖരിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുളള എ.ടി.എം, സ്വകാര്യസ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഒരു സി.സി ടി.വിയില്‍ മാത്രം മൂന്ന് ജിബിയോളം വിവരങ്ങളുളളതിനാല്‍ പരിശോധിക്കാന്‍ സമയമെടുക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button