കണ്ണൂര്‍ ● കണ്ണൂര്‍ ജില്ലയിലെ അക്രമസംഭവങ്ങള്‍ക്ക് അറുതിവരുത്തുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യത്തിന് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ജില്ലാതല സര്‍വകക്ഷി സമാധാനയോഗം. മന്ത്രിമാരായ എ.കെ ബാലന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് കണ്ണൂരില്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം നടക്കരുതെന്ന് തീരുമാനമെടുത്തത്. ഇനിയുണ്ടാവുന്ന ഏതൊരു കൊലപാതകത്തിന്റെയും ഉത്തരവാദിത്തം അത് ചെയ്ത കക്ഷിക്കായിരിക്കുമെന്നും അത് ഏറ്റെടുക്കാനും ന്യായീകരിക്കാനും ആരും മുന്നോട്ടുവരികയില്ലെന്നും യോഗത്തില്‍ തീരുമാനമായതായി മന്ത്രി എ.കെ ബാലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് ജില്ലാതല സര്‍വകക്ഷി യോഗം ചേര്‍ന്നത്. യോഗത്തിലെ ചര്‍ച്ചകളും തീരുമാനങ്ങളും മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ സംസ്ഥാന തലത്തില്‍ സമാധായ യോഗം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിന് നേതൃത്വം നല്‍കുന്നവര്‍ ഏത് പാര്‍ട്ടിക്കാരായാലും അവരെ എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തണം. ഭീതിയില്ലാതെ ജോലിക്കു പോവാനും ആശങ്കയില്ലാതെ കുട്ടികളെ സ്‌കൂളിലയക്കാനും സമാധാനത്തോടെ വീടുകളില്‍ കിടന്നുറങ്ങാനുമുള്ള സാഹചര്യം ജില്ലയിലുണ്ടാവണം. കൊലയും അക്രമവും ജനങ്ങള്‍ക്ക് മടുത്തു. അവയ്ക്ക് നേതൃത്വം നല്‍കുന്നവരെ പരമപുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. സമാധാനത്തിന്റെ സന്ദേശം താഴേക്കിടയിലുള്ള ജനങ്ങളിലെത്തിക്കാന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന സമാധാന യോഗത്തിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
സ്ഥലം എസ്.ഐ കണ്‍വീനറും വില്ലേജ് ഓഫീസര്‍ ജോയിന്റ് കണ്‍വീനറുമായി വില്ലേജ് തലത്തില്‍ ചേരുന്ന സമാധാനകമ്മിറ്റികള്‍ കൂടുതല്‍ ഫലപ്രദമാക്കും. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അപ്പപ്പോള്‍ ജില്ലാതല നേതാക്കളുടെ യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രശ്‌നങ്ങളുണ്ടാവുന്നിടത്ത് ശാന്തിയാത്ര സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായതായി മന്ത്രി പറഞ്ഞു. പോലിസ് നിഷ്പക്ഷമായും സുതാര്യമായും ഭയരഹിതമായും പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ പരാതികളുള്ളവര്‍ക്ക് ജില്ലാ കലക്ടറെയും സര്‍ക്കാരിനെയും സമീപിക്കാമെന്നും ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പോലിസ് നടപടികളുടെ കാര്യത്തില്‍ ഒരു ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും നിഷ്പക്ഷമായാണ് പോലിസിന്റെ പ്രവര്‍ത്തനമെന്നും പി.കെ ശ്രീമതി ടീച്ചര്‍ എം.പി പറഞ്ഞു.
പാര്‍ട്ടി നേതാക്കള്‍ മനസ്സുവെച്ചാല്‍ ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്കും അറുതിയാവുമെന്ന് യോഗത്തില്‍ സംസാരിച്ച കെ.സി ജോസഫ് എം.എല്‍.എ പറഞ്ഞു.
യോഗത്തില്‍ കെ.കെ രാഗേഷ് എം.പി, എം.എല്‍.എമാരായ ജെയിംസ് മാത്യു, ടി.വി രാജേഷ്, കെ.എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി സഞ്ജയ്കുമാര്‍ ഗുരുഡിന്‍, എ.ഡി.എം മുഹമ്മദ് യൂസുഫ്, പാര്‍ട്ടി നേതാക്കളായ പി ജയരാജന്‍, എം.വി ജയരാജന്‍, കെ.സി മുഹമ്മദ് ഫൈസല്‍, കെ രഞ്ജിത്ത്, ശശിധരന്‍, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സി.പി മുരളി, കെ.കെ ജയപ്രകാശ്, വി.വി കുഞ്ഞികൃഷ്ണന്‍, കളരിയില്‍ ശുക്കൂര്‍, ഇല്ലിക്കല്‍ അഗസ്തി, സി.കെ നാരായണന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ജബീന ഇര്‍ഷാദ്, എ ഗോപാലന്‍, ജോസ് ചെമ്പേരി, ജോര്‍ജ് വടകര, കെ.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments