അകോല: മഹാരാഷ്ട്രയിലെ ഒരു ജില്ലാ കളക്ടര്‍ തന്റെ ഡ്രൈവര്‍ക്ക് മറ്റുള്ളവരെക്കാൾ വ്യത്യസ്തമായ രീതിയിൽ യാത്രയയപ്പ് നടത്തിയിരിക്കുകയാണ്. മറ്റുള്ളവർക്ക് തെല്ല് അമ്പരപ്പുണ്ടാക്കി തന്റെ ഡ്രൈവര്‍ക്കുവേണ്ടി കളക്ടര്‍ ഡ്രൈവറായി കാറോടിച്ചു. ഏറെക്കാലം നാടിനെ സേവിച്ച ഡ്രൈവര്‍ക്ക് വിരമിക്കുന്ന വേളയില്‍ ജില്ലാ കലക്ടര്‍ നല്‍കിയ യാത്രയയപ്പായിരുന്നു അത്. മഹാരാഷ്ട്രയിലെ അകോല ജില്ലാ കലക്ടര്‍ ജി.ശ്രീകാന്ത് ആണ് തന്റെ ഡ്രൈവര്‍ ദിഗംബര്‍ താകെ (58)യെ ഹൃദയസ്പര്‍ശകമായി ആദരിച്ചത്.
യാത്രയയപ്പ് വേളയില്‍ ഡ്രൈവറെ ആദരപൂര്‍വ്വം കാറിന്റെ പിൻസീറ്റിൽ ക്ഷണിച്ചിരുത്തി. വിവാഹവേളയില്‍ വധുവരന്മാരെ ആനയിക്കുന്ന വാഹനം പോലെ കാര്‍ അലങ്കരിച്ചിരുന്നു. കലക്ടര്‍ തന്നെ കാറിന്റെ ഡോര്‍ ഡ്രൈവര്‍ക്കായി തുറന്നുകൊടുത്തു. തുടര്‍ന്ന് തന്റെ ഡ്രൈവര്‍ക്ക് അദ്ദേഹം ഡ്രൈവറുമായി. ഈ കാഴ്ച അകോലയിലെ നാട്ടുകാരിലും അമ്പരപ്പ് സൃഷ്ടിച്ചു.
അകോല കലക്ടറേറ്റില്‍ 35 വര്‍ഷമായി ഡ്രൈവറായി സേവനമനുഷ്ഠിച്ച ദിഗംബര്‍ ഇന്നലെയാണ് വിരമിച്ചത്. 18 കലക്ടര്‍മാര്‍ക്ക് വേണ്ടി വളയം പിടിച്ച ചരിത്രമാണ് ദിഗംബറിനുള്ളത്. ഇക്കാലമത്രയും യാതൊരു അപകടവും വരുത്താതെ കലക്ടര്‍മാരെ സുരക്ഷിതമായി ജോലിക്കെത്തിച്ചു. ഈ യാത്രയയപ്പ് വേള അതിനുള്ള നന്ദിപ്രകടനമാക്കാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കലക്ടര്‍ ശ്രീകാന്ത് പറഞ്ഞു. ദിഗംബറിന് ലഭിച്ച ഏറ്റവും ഉചിതവും അവിസ്മരണീയവുമായ യാത്രയയപ്പായിരുന്നു കലക്ടര്‍ ഒരുക്കിയത്.
Post Your Comments