സൂറത്ത് : എട്ടു വയസുകാരിയെ പുലി ആക്രമിച്ച് കൊന്നു. സൂറത്തിലെ ഉമര്‍പാദയിലുള്ള വാദി ഫാലിയ ഗ്രാമത്തിലാണ് സംഭവം. നികിത വാസവ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. നികിതയും രണ്ട് സുഹൃത്തുക്കളും പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാനായി സമീപമുള്ള തുറന്ന പറമ്പിലേക്ക് പോയപ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ഒരു മാസത്തിനിടെ ഇവിടെ ഉണ്ടാകുന്ന രണ്ടാമത്തെ പുലി ആക്രമണമാണിത്. നേരത്തെ ഇവിടെയുള്ള ഒരു ആണ്‍കുട്ടിയ്ക്ക് പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
പുലി നികിതയുടെ അരക്കെട്ടില്‍ പിടിച്ച് കാട്ടിലേക്ക് വലിച്ച് കൊണ്ടുപോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികളെ കണ്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പുലി കാട്ടിലേക്ക് ഉള്‍വലിഞ്ഞു. എന്നാല്‍ അപ്പോഴേക്കും നികിത മരിച്ചിരുന്നു. മൂന്ന് മക്കളില്‍ മൂത്തവളാണ് നികിത. ഒരു അനിയത്തിയും അഞ്ച് മാസം മാത്രം പ്രായമുള്ള അനിയനുമാണ് നികിതയ്ക്കുള്ളത്.
ഗുജറാത്ത് നിയമസഭയുടെ മുന്‍ സ്പീക്കറും ഗോത്രവികസന മന്ത്രിയുമായിരുന്ന ഗണപത് വാസവയുടെ ഗ്രാമമാണ് വാദി. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം ഗ്രാമത്തിലുണ്ടായിരുന്നു. സര്‍ക്കാറിന്റെ സഹായമായി നാല് ലക്ഷം രൂപ നികിതയുടെ കുടുംബത്തിന് നല്‍കുമെന്ന് ഗണപത് വാസവ അറിയിച്ചു. 10 ദിവസങ്ങള്‍ക്ക് മുന്‍പ് ആണ്‍കുട്ടിയെ ആക്രമിച്ച പുലിയെ പിന്നീട് കൂട്ടിലടച്ചിരുന്നു.
Post Your Comments