തിരുവനന്തപുരം: കേരളത്തില്‍ നിന്ന് കാണാതായ കുട്ടികളുടെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്. ഈ വര്‍ഷം ഇതുവരെ കാണാതായത് 1194 കുട്ടികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. 2011 മുതല്‍ 2016 സെപ്തംബര്‍ വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 7292 കുട്ടികളെയാണ് കാണാതായത്.
2011ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനേക്കാള്‍ അധികം കേസുകളാണ് 2016ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നഗരപ്രദേശങ്ങളെക്കാള്‍ ഗ്രാമീണമേഖലകളില്‍ നിന്നാണ് കൂടുതല്‍ കുട്ടികളെ കാണാതായിട്ടുള്ളതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കാണാതാവുന്നതിലേറെയും പെണ്‍കുട്ടികളാണെന്നത് ഏറെ ഞെട്ടലും, വേദനയും ഉളവാക്കുന്നു. അന്യ സംസ്ഥാനത്തേക്ക് കടത്തുന്ന ഇവരെ ബാലവേലയ്ക്കും,ലൈംഗിക ചൂഷണത്തിനുമൊക്കെ ഇരയാക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കാണാതായവരില്‍ 1142 കുട്ടികളെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 241 പേര്‍ എവിടെയാണെന്ന് പോലുമറിയില്ല.
2011ല്‍ 952 കുട്ടികളാണ് കാണാതായത്, ഇതില്‍ 923പേരെ കണ്ടെത്തിയിട്ടുണ്ട്. 2012ല്‍ 1079 കുട്ടികളെ കാണാതായപ്പോള്‍ 1056പേരെ പോലീസ് കണ്ടെത്തി. 2013ല്‍ കാണാതായവര്‍ 1208പേരില്‍, 1188പേരെ കണ്ടെത്തിയിട്ടുണ്ട്. 2011ല്‍ കാണാതായ കുട്ടികളില്‍ 29 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. 2012ല്‍ മിസിംഗ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു.
2013ലാണ് ഏറ്റവും അധികം കുട്ടികളെ കണ്ടെത്താനുള്ളത്, ഇതില്‍ 90 കുട്ടികളുടെ യാതൊരു വിവരവുമില്ല. 2014ല്‍ 34 കുട്ടികളും 2015-ല്‍ 13 കുട്ടികളും തിരികെ വീട്ടിലെത്തിയിട്ടില്ല. ഈ വര്‍ഷം സെപ്തംബര്‍ വരെയുള്ള കണക്കുകള്‍ ലഭ്യമായതില്‍ 52 കുട്ടികളെ കണ്ടെത്താനുണ്ട്.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും അവരെ കാണാതാകുന്ന കേസിലും ജാഗ്രത പുലര്‍ത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ബസ് സ്റ്റാന്റ് , റെയില്‍വെ സ്റ്റേഷന്‍ തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ കര്‍ശനമായ പോലീസ് പെട്രോളിങും, രഹസ്യ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments