ചിറ്റഗോംഗ്● ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ കലാപത്തില്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ 15 ഓളം ഹിന്ദു ക്ഷേത്രങ്ങളും നൂറു കണക്കിന് വീടുകളും തകര്‍ക്കപ്പെട്ടു.
മക്കയിലെ വിശുദ്ധ മസ്ജിദ് അല്‍ ഹറം പള്ളിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് കലാപത്തില്‍ കലാശിച്ചത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി ഹെഫെജാത്-ഇ-ഇസ്ലാം, അഹലെ സുന്നത് തുടങ്ങിയ സംഘടനകള്‍ ബ്രഹ്മാന്‍ബാരിയ ജില്ലയിലെ നസീര്‍നഗറില്‍ നൂറുകണക്കിന് ആളുകളെ അണിനിരത്തി വെവ്വേറെ റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ വധശിക്ഷയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.
150 മുതല്‍ 200 ഓളം വരുന്ന ജനക്കൂട്ടം പ്രദേശത്തെ അഞ്ച് ക്ഷേത്രങ്ങളിലെ 7 മുതല്‍ 8 വരെ വിഗ്രഹങ്ങള്‍ തകര്‍ത്തതായി ബ്രഹ്മാന്‍ബാരിയ എസ്.പി മിസാനുര്‍ റഹ്മാന് പറഞ്ഞു. ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയില്‍ എടുത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
15 ഓളം ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി നാസിര്‍നഗര്‍ പൂജാ കമ്മറ്റി ജനറല്‍ സെക്രട്ടറി ഖൈല്പാഡ പൊദ്ദര്‍ പറഞ്ഞു. 200 ഓളം വീടുകളും ആക്രമിച്ച് കൊള്ളയടിച്ചതായും അദ്ദേഹം ആരോപിച്ചു.
സ്ഥിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.
Post Your Comments