ഇസ്ലാമാബാദ് :പാകിസ്ഥാനിലെ ഔദ്യോഗിക ഭരണ നേതൃത്വവും സൈനിക നേതൃത്വവും തമ്മിലുള്ള പോര് മൂർഛിക്കുന്നുവെന്ന മാധ്യമറിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ വാര്‍ത്താവിനിമയമന്ത്രി പര്‍വേസ് റാഷീദിനെ പ്രധാനമന്ത്രി നവാസ് ഷെരീഫ് പുറത്താക്കി. വാര്‍ത്ത ചോര്‍ന്നതിന് പിന്നില്‍ മന്ത്രിയുടെ വീഴ്ചയുണ്ടെയെന്നതിന് തെളിവ് ലഭിച്ചെന്നും, അതിനാല്‍ സ്വതന്ത്രമായ അന്വേഷണത്തിനായി മന്ത്രിയോട് സ്ഥാനമൊഴിയാന്‍ നിര്‍ദേശം നല്‍കിയതായും നവാസ് ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
പാക് ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ത്ത വന്നതിന് പിന്നില്‍ റാഷിദിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണത്തിനും നവാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്.
പാക് അധീനകശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിൽ സൈന്യവും സര്‍ക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്ന് പാക് ദിനപ്പത്രമായ ദ ഡോണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്റെ പേരില്‍ മന്ത്രിമാരും ഐഎസ്‌ഐ മേധാവി റിസ്‌വാന്‍ അക്തറും തമ്മില്‍ കടുത്ത വാക്കുതർക്കം ഉണ്ടായെന്നുമാണ് പാക് മാധ്യമം റിപ്പോർട്ട് ചെയ്തത്. വാര്‍ത്തയെക്കുറിച്ചുള്ള അന്വേഷണ പുരോഗതി അറിയിക്കാന്‍ കഴിഞ്ഞയാഴ്ച പാക് ധനമന്ത്രി ഇഷാഖ് ധര്‍, ആഭ്യന്തരമന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍, പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവര്‍ കരസേനാ മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments