KeralaNews

സി.പി.എം നേതാവ് വി.എ സക്കീര്‍ ഹുസൈന് ലുക്ക്ഔട്ട് നോട്ടീസ്

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ സി പി എം നേതാവ് വി എ സക്കീര്‍ ഹുസൈന്‍ സംസ്ഥാനം വിട്ടതായി പോലീസ്. ആദ്യം ഇയാള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലെത്തിയെന്നും തുടര്‍ന്ന് കുടകിലേക്ക് കടന്നെന്നുമാണ് സൂചന.
കേസിലെ ഒന്നാം പ്രതിയായ ഇയാള്‍, സി പി എമ്മിന്റെ എറണാകുളം കളമശ്ശേരി ഏരിയാ സെക്രട്ടറിയാണ്.
ഇയാള്‍ക്കെതിരേ തിങ്കളാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ മുന്‍ നേതാവ് കറുകപ്പിള്ളി സിദ്ദിഖ് രണ്ടാം പ്രതിയും പുക്കാട്ടുപടി സ്വദേശിനി ഷീല തോമസ് നാലാം പ്രതിയുമാണ്. കൊച്ചിയിലെ യുവ വ്യവസായി ജൂബി പൗലോസാണ് സക്കീറിനെതിരേ പരാതി നല്‍കിയത്.

ഒന്നര വര്‍ഷം മുന്‍പാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ജൂബി പറഞ്ഞു.

ഷീലയുടെ അക്‌സാഹ് ഓര്‍ഗാനിക്‌സ് എന്ന സ്ഥാപനത്തിന് പാല്‍ നല്‍കിയിരുന്നത് ജൂബിയുടെ ഫാമില്‍ നിന്നാണ്.കരാര്‍ നിലവില്‍ വന്ന ശേഷം ഇവരുടെ ഉല്‍പന്നങ്ങളുടെ വിതരണം ലിന്റിറ്റ് എന്ന സ്ഥാപനത്തിലൂടെ ജൂബി ചെയ്തുവന്നു. ഷീലയുടെ സ്ഥാപനം അരക്കോടിയോളം രൂപ നഷ്ടം നേരിട്ടപ്പോഴാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ ജൂബി പങ്കാളിയായത്. കച്ചവടം ലാഭത്തിലായതോടെ ഷീല കരാറില്‍ നിന്ന് ഒഴിയുന്നതായി കാണിച്ച് നോട്ടീസ് അയച്ചു.

ഈ ബിസിനസ് നടത്തിപ്പിന് ജൂബി 32 ലക്ഷം രൂപ ഐ.ഡി.ബി.ഐ. ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നു. ഈ തുക കച്ചവടത്തില്‍ നിക്ഷേപിച്ച് മാസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് ഷീല ഇതില്‍നിന്ന് മാറിയത്. ഇരുവരുടെയും സ്ഥാപനങ്ങള്‍ ഷീലയുടെ കെട്ടിടത്തിലായിരുന്നു.
നോട്ടീസ് ലഭിച്ച് അടുത്ത ദിവസം എ.സി.പി. ആയിരുന്ന ബിജോ അലക്‌സാണ്ടര്‍ വിളിച്ചുവരുത്തി ഓഫീസില്‍ കയറരുതെന്ന് ആവശ്യപ്പെട്ടു. ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ കോടതിയുടെ അനുകൂല വിധി നേടി ജൂബി പ്ലാന്റിലെത്തി. എന്നാല്‍ ഷീലയുടെ ജീവനക്കാര്‍ കൈയേറ്റം ചെയ്തു. ജൂബിയെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ നിന്ന് വീണ്ടും വിധി ജൂബി നേടിയപ്പോള്‍ പാലാരിവട്ടം കെ.ആര്‍. ബേക്കറിയിലെത്താന്‍ സിദ്ദിഖ് ജൂബിയോട് ഫോണില്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ ജൂബിയെ കാറില്‍ സി.പി.എം. കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫീസില്‍ കൊണ്ടുപോയി.
അവിടെ വെച്ച് ഏരിയ സെക്രട്ടറി ഭീഷണിപ്പെടുത്തി വിട്ടയച്ചു. അടുത്ത ദിവസം ജൂബിയുടെ ഓഫീസ് തകര്‍ക്കപ്പെട്ടു. ബിസിനസ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ജൂബിയുടെ പരാതിയില്‍ നേപ്പാളി മുഖച്ഛായയുള്ള യുവാവ് മൂന്നാം പ്രതിയാണ്.
കൊച്ചിയില്‍ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായി രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസാണ് സക്കീറിനെതിരേയുള്ളത്. ഏരിയാ കമ്മറ്റി സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാവാണ് സക്കീര്‍.
അതുകൊണ്ടു തന്നെ ഇയാള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ രണ്ട് അഭിപ്രായം രൂപപ്പെട്ടിരുന്നു. അതിനാല്‍ വിഷയം നിലവില്‍ സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പരിഗണനയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button