ഷൊർണ്ണൂർ● അനധികൃത മണലെടുപ്പും ,പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നത് മൂലം അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായ റിപ്പോർട്ടും പുറത്തു വന്നു. കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാറിന്റെ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. സ്രാവ്, പാര, ചെമ്പല്ലി തുടങ്ങിയ 20- ഓളം കടല്‍ മത്സ്യങ്ങളാണ് പുഴയില്‍ കണ്ടെത്തിയത്. പൊന്നാനി അഴിമുഖം മുതല്‍ കുറ്റിപ്പുറംവരെ കടല്‍ കയറിയിട്ടുണ്ടെന്ന് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യത്തില്‍നിന്ന് വ്യക്തമാകുന്നതായി 2000 മുതല്‍ 2010-വരെ 2 പ്രാവശ്യമായി നടത്തിയ പഠനത്തിൽ കണ്ടെത്തി. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം മേഖലകളില്‍ രണ്ട് മീറ്ററോളം പുഴ താഴ്ന്നു. മണല്‍ത്തട്ട് താഴ്ന്നതോടെ പുഴയിലെ വെള്ളം വേഗത്തില്‍ കുത്തിയൊഴുകി കടലിലെത്തുന്നത് വന്‍ വരള്‍ച്ചക്ക് കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ഏറ്റവും വലിയ പുഴകളിലൊന്നായ ഭാരതപ്പുഴയില്‍നിന്ന് മണലെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ പത്തിരട്ടിയിലധികം മണൽ കടത്താണ് നടക്കുന്നത്. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം പാലക്കാട് ജില്ലയ്ക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ മണലെടുപ്പ് ഉണ്ടാക്കുന്ന പ്രശ്നം പരിഹരിക്കാന്‍ പ്രത്യേകിച്ച് വഴികളില്ലെന്നത് കടുത്ത ആശങ്ക പരത്തുന്നു.
Post Your Comments