ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് വ്യക്തമായ തെളിവ് വെള്ളിയാഴ്ച പുറത്തുവന്നു. നവംബര്‍ 19-ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ജയലളിത ഒപ്പിനുപകരം വിരലടയാളം പതിച്ചു.
തമിഴ്നാട്ടില്‍ മൂന്നിടങ്ങളിലും പുതുച്ചേരിയില്‍ ഒരിടത്തുമാണ് തിരഞ്ഞെടുപ്പ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അരവാകുറിച്ചി, തഞ്ചാവൂര്‍, തിരുപ്പരകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലേക്കാണ്. തിരഞ്ഞെടുപ്പ് ചട്ടപ്രകാരം സ്ഥാനാര്‍ഥികള്‍ നല്‍കുന്ന പത്രികയില്‍ പാര്‍ട്ടിനേതാവിന്റെ വിരലടയാളമോ ഒപ്പോ വേണമെന്ന നിര്‍ദേശമുണ്ട്. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥികളുടെ പത്രികയില്‍ ജയലളിത വിരലടയാളം പതിച്ചത്.
ഇതിനോടൊപ്പം മുഖ്യമന്ത്രി ശ്വാസ നാളത്തില്‍ ട്യൂബിന്റെ സഹായത്തോടെയുള്ള ശ്വസനപ്രക്രിയക്ക് (ട്രക്കിയോട്ടമിക്ക്) വിധേയയായിരിക്കുകയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രവുമുണ്ട്. വലതുകൈ ഉപയോഗിച്ച് ഒപ്പിടാനാവില്ലെന്നും അതുകൊണ്ട് തന്റെ സാന്നിധ്യത്തില്‍ ഇടതു വിരലടയാളം പതിപ്പിച്ചിരിക്കുകയാണെന്നും സാക്ഷ്യപത്രത്തില്‍ പറയുന്നു.
ഒക്ടോബര്‍ 27 വ്യാഴാഴ്ചയാണ് മദ്രാസ് മെഡിക്കല്‍ കോളേജിലെ മിനിമല്‍ ആക്‌സസ് സര്‍ജറി വിഭാഗം മേധാവിയായ പ്രൊഫ. പി.ബാലാജി സാക്ഷ്യപത്രത്തില്‍ ഒപ്പിട്ടത്. ആദ്യമായിയാണ് മുഖ്യമന്ത്രി ട്രക്കിയോട്ടമിക്ക് വിധേയയായതിന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുന്നത്.
Post Your Comments