തിരുവനന്തപുരം:വേനല്‍ മാസങ്ങളില്‍, ലോഡ് ഷെഡിങ്ങ് പോലെയുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.2017 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലെ ഊര്‍ജാവശ്യങ്ങള്‍ നികത്തുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങേണ്ടതായി വരുമെന്നും അധിക വൈദ്യുതി വാങ്ങുന്നതിന് ഏകദേശം 100 കോടി രൂപ ചെലവ് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.വൈദ്യുതാവശ്യങ്ങള്‍ക്ക് ജലവൈദ്യുതിയെ അധികമായി ആശ്രയിക്കുന്ന സംസ്ഥാനമാണ് കേരളം . അതുകൊണ്ടുതന്നെ കാലവര്ഷലഭ്യതയും നദിയിലെ നീരൊഴുക്കും സംസ്ഥാനത്തിന്റെ വൈദ്യുതിഭദ്രത നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നുണ്ട്.പ്രതീക്ഷിച്ചതിനേക്കാള്‍ 57% കുറവാണ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഇത്രയും ജലദൗര്‍ലഭ്യം ഇതിനു മുമ്പുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി തന്റെ ഫേസ് ബുക്ക് കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
വേനല്‍ മാസങ്ങളില്‍, ലോഡ് ഷെഡിങ്ങ് പോലെയുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2017 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലെ പീക് ഡിമാന്‍ഡ് സമയത്തെ ഊര്‍ജാവശ്യങ്ങള്‍ നികത്തുന്നതിനായി 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങേണ്ടതായി വരും. ദിവസത്തിലെ മറ്റ് സമയങ്ങളിലെ ആവശ്യങ്ങള്‍ക്കായി മറ്റൊരു 100 മെഗാവാട്ടും വാങ്ങേണ്ടി വരും.
വൈദ്യുതാവശ്യങ്ങള്‍ക്ക് ജലവൈദ്യുതിയെ അധികമായി ആശ്രയിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ കാലവര്ഷലഭ്യതയും നദിയിലെ നീരൊഴുക്കും സംസ്ഥാനത്തിന്റെ വൈദ്യുതിഭദ്രത നിര്‍ണയിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ 57% കുറവാണ് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് ഇത്രയും ജലദൗര്‍ലഭ്യം ഇതിനു മുമ്പുണ്ടായിട്ടില്ല. മഴക്കുറവ് രൂക്ഷമായിട്ടനുഭവപ്പെട്ടിരുന്ന 2012-13 കാലയളവില്‍ പോലും ഇതിനേക്കാള്‍ ഭേദമായിരുന്നു ജലഭ്യത. തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണിലുണ്ടായ കുറവാണ് ഇതിന് കാരണം. ഒക്റ്റോബര്‍-ഡിസംബര്‍ കാലയളവില്‍ ലഭിക്കുവാന്‍ പോകുന്ന വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ പ്രതീക്ഷിച്ച അളവില്‍ ലഭിച്ചില്ലെങ്കില്‍ സ്ഥിതി അതിരൂക്ഷമാകുവാനാണ് പോകുന്നത്.
അത്തരമൊരു സാഹചര്യത്തില്‍ ചെലവ് കൂടിയ താപവൈദ്യുതി ഉല്പാദിപ്പിച്ച് കൊണ്ട് മാത്രമേ സംസ്ഥാനത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കുകയുള്ളൂ. വേനല്‍ മാസങ്ങളിലെ ദൗര്‍ലഭ്യം നികത്തുന്നതിനായുള്ള അധിക വൈദ്യുതി വാങ്ങുന്നതിന് ഏകദേശം 100 കോടി രൂപ ചെലവ് വരും. എന്നാല്‍ അധികമായി വേണ്ടിവരുന്ന വൈദ്യുതി സംസ്ഥാനത്തിലെ താപവൈദ്യുതി നിലയങ്ങളില്‍ നിന്ന് ഉല്പാദിപ്പിക്കുകയാണെങ്കില് ഈ ചെലവ് 220 കോടി രൂപയായി ഉയരും.
ഊര്ജപ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ ആവശ്യമാണ്. സമഗ്രമായ ഊര്‍ജസംരക്ഷണ നടപടികള്‍ മുതല്‍ ബദല്‍ ഊര്ജോല്പാദന പദ്ധതികളുടെ വികസനം വരെ ഇതില്‍ പെടുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പൈവളിഗെ, മടിക്കൈ, കിനാനൂര്‍ – കരിന്തളം, മീഞ്ചാ പഞ്ചായത്തുകളിലായി നടപ്പിലാക്കുവാന്‍ പോകുന്ന 200 മെഗാവാട്ടിന്റെ സൗരോര്‍ജപദ്ധതി ഇത്തരത്തിലൊന്നാണ്. ഇതിലെ ആദ്യ ഘട്ടമായ 50 MW പദ്ധതിയുടെ കമ്മീഷനിങ്ങ് 2016 ഡിസംബറില്‍ നടക്കും.
ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വൈദ്യുതിയുടെ ദുരുപയോഗവും പാഴ്ചെലവും കുറയ്ക്കുക എന്നത്. ആവശ്യമില്ലാത്തപ്പോള്‍ ലൈറ്റും, ഫാനും, കമ്പ്യൂട്ടറും മറ്റ് ഗാര്‍ഹികോപകരണങ്ങളും ഓഫ് ചെയ്ത് ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കണം. ഊര്‍ജക്ഷമത കൂടിയ വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഒട്ടേറെ ഊര്‍ജം ലാഭിക്കുവാന്‍ സാധിക്കും. സര്‍ക്കാര്‍ തലത്തിലും ജനകീയ തലത്തിലും സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിഞ്ഞാല്‍ മഴക്കുറവ് മൂലം ഉണ്ടാകുവാന്‍ പോകുന്ന പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ നമുക്ക് കഴിയും.
Post Your Comments