ന്യൂഡൽഹി: ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാര്‍ അല്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചു പൂട്ടണമെന്ന് അറ്റോര്‍ണി ജനറലിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍. കര്‍ണാടക ഉൾപ്പെടെ രാജ്യത്തെ പകുതിയോളം കോടതികൾ ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ ആണെന്നും ജഡ്ജി നിയമനം ഇനിയും വൈകിയാല്‍ ഉദ്യോഗസ്ഥരെ സുപ്രീം കോടതിയിലേക്ക് വിളിച്ചു വരുത്തേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയില്‍ ആണ് ചീഫ് ജസ്റ്റിസ് ടി എസ്സ് ഠാക്കൂര്‍ വിവിധ കോടതികളിലെ ജഡ്ജിമാരുടെ നിയമനം കേന്ദ്ര സര്‍ക്കാര്‍ വൈകിപ്പിക്കുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ കര്‍ണാടക ഹൈകോടതി മുറികള്‍ അടച്ചിട്ടിരിക്കുകയാണ്. അലഹബാദ് ഹൈകോടതി ഉള്‍പ്പടെ രാജ്യത്തെ പകുതിയോളം ഹൈകോടതികളില്‍ ജഡ്ജിമാര്‍ ഇല്ലാത്തതിനാല്‍ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യം ആണ് നിലവിൽ ഉള്ളത്. സുപ്രീം കോടതി കൊളീജിയം നൽകുന്ന ശുപാർശകളിലെ പേരുകളിൽ വിയോജിപ്പുണ്ടെങ്കിൽ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാതെ മടക്കി അയക്കുകയാണ് വേണ്ടത്. ജഡ്ജിമാരെ നിയമിക്കാന്‍ തയ്യാര്‍ അല്ലെങ്കില്‍ രാജ്യത്തെ കോടതികള്‍ അടച്ചു പൂട്ടണം എന്നും അറ്റോര്‍ണി ജനറലിനോട് ചീഫ് ജസ്റ്റിസ് ടി എസ്സ് ഠാക്കൂര്‍ ആവശ്യപ്പെട്ടു. ഇതിനിടെ അലഹബാദ് ഹൈകോടതിയില്‍ 18 ജഡ്ജിമാരെ നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചതായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പു വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ആണ് തീരുമാനങ്ങള്‍ വൈകുന്നത് എന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു.
ജഡ്ജിമാരുടെ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ തയ്യാര്‍ ആയില്ല എന്ന കാരണത്താല്‍ ജഡ്ജി നിയമനം വൈകിപ്പിക്കാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടി കാട്ടുകയുണ്ടായി.ജഡ്ജി നിയമനം ഇനിയും വൈകിയാല്‍ പ്രധാമന്ത്രിയുടെ ഓഫീസ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പടെ കേന്ദ്ര സര്‍ക്കാരിലെ ഉത്തരവാദിത്വപ്പെട്ടവരെ സുപ്രീം കോടതിയിലേക്ക് വിളിച്ചു വരുത്തേണ്ടി വരും എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Post Your Comments