കണ്ണൂര്‍ : സെമിനാരി വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയായ സംഭവത്തില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ സംഭവം ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടു. എന്നാല്‍ പീഡനവിവരം പുറത്തായതോടെ എം.എല്‍.എ പിന്മാറി. ഇത്തരം കേസില്‍ ഇടപെട്ടാല്‍ പ്രതിച്ഛായ നഷ്ടമാകുമെന്ന പാര്‍ട്ടിയില്‍ നിന്നുതന്നെയുള്ള ഉപദേശത്തെത്തുടര്‍ന്ന് അദ്ദേഹം പിന്‍മാറിയതായെന്നാണ് വിവരം.
സഹികെട്ടാണ് വൈദികനെതിരെ കേസ് കൊടുത്തതെന്ന് പീഡനത്തിനിരയായ ബാലന്‍ പറഞ്ഞു.
പല തവണ പീഡിപ്പിച്ചപ്പോഴൊക്കെ വൈദികപഠനം മുന്നോട്ടുകൊണ്ടുപോകാനായി എല്ലാം സഹിക്കുകയായിരുന്നു. എന്നാല്‍ റാഞ്ചിയിലെ സെമിനാരിയില്‍ വന്ന് കഴുത്തില്‍ കത്തിവെച്ച് പീഡിപ്പിച്ചതോടെയാണ് താന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും ബാലന്‍ പറഞ്ഞു.
ബാലനെയടക്കം 30ലധികം വൈദികവിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി ആരോപണമുള്ള കണ്ണൂര്‍ ജില്ലയിലെ ഒരു സെമിനാരിയിലെ റെക്ടറായിരുന്ന ജയിംസ് തെക്കേമുറി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇറ്റലി കേന്ദ്രമായുള്ള ഓര്‍ഡര്‍ ഓഫ് മിനിംസ് എന്ന കോണ്‍ഗ്രിഗേഷന്റെ ഏഷ്യയിലെ ഏക സെമിനാരിയാണിത്. അതുകൊണ്ടുതന്നെ ജയിംസ് തെക്കേമുറിയുടെ പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ ഇറ്റലിയില്‍ ബന്ധപ്പെടേണ്ട അവസ്ഥയാണുണ്ടായിരുന്നതെന്ന് ബാലന്‍ പറഞ്ഞു. ഇറ്റലിയിലെ കോണ്‍ഗ്രിഗേഷന്‍ ആസ്ഥാനത്ത് വിവരങ്ങള്‍ അറിയിക്കാന്‍ എളുപ്പമല്ലെന്ന് അറിയാവുന്ന ജയിംസ് ഇത് ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു. ഇപ്പോള്‍ 50 ലക്ഷം രൂപ നല്‍കി കേസൊതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബാലന്‍ പറഞ്ഞു.
ജയിംസിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 377 (പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം), 342 (അന്യായമായി തടങ്കലില്‍ വയ്ക്കുക), 506 (2) (വധഭീഷണി) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ കേസ് വന്നതായി അറിഞ്ഞയുടന്‍ ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളുടെ മൊബൈല്‍ ട്രാക്ക് ചെയ്ത പോലീസ് ബംഗളുരുവിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
റെക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തയുടന്‍ തന്റെ വൈദികപദവി നഷ്ടമായേക്കുമെന്ന് ഭയന്ന് ജയിംസ് തന്റെ അക്കൗണ്ടിലുള്ള കോടിക്കണക്കിന് രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. നിയന്ത്രണങ്ങളില്ലാതെ അധികാരം കൈയില്‍വന്ന ജയിംസ് റെക്ടറായിരിക്കുമ്പോള്‍ സമ്പാദിച്ചതാണ് ഈ അനധികൃത സ്വത്ത് എന്നാണ് ആക്ഷേപം. തലശേരി അതിരൂപതയില്‍ ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു സംഭവം ശ്രദ്ധയില്‍പ്പെട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
Post Your Comments