NewsIndia

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെപ്പറ്റി അന്വേഷണവുമായി കേന്ദ്ര വിവരാവകാശ കമ്മീഷന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെപ്പറ്റി കേന്ദ്രവിവരാവകാശ കമ്മീഷന്‍റെ അന്വേഷണം. വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കാനാണ് വിവരാവകാശ കമ്മീഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കണമെന്ന ആവശ്യവുമായി മുന്‍നാവിക ഉദ്യോഗസ്ഥന്‍ ലോകേഷ് ബത്ര നല്‍കിയ അപേക്ഷ നേരത്തെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷന്‍ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയത്തിലാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രകളുടെ ചിലവുകളെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ലോകേഷ് ബത്ര അപേക്ഷ നല്‍കിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ വിവരങ്ങള്‍ നല്‍കാനാവില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം ബത്രയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ യാത്രാച്ചിലവുകളുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ വിദേശകാര്യ മന്ത്രാലയത്തോട് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞുകൊണ്ട് ഇത്തരമൊരു അപേക്ഷ തള്ളിക്കളയാന്‍ സാധിക്കുമോയെന്ന പരിശോധനയ്ക്കായാണിത്.

മോദിയുടെ വിദേശ യാത്രകള്‍ക്ക് മാത്രമായി ആയിരക്കണക്കിന് കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കുന്നത്. നികുതി നല്‍കുന്നവരുടെ പണമാണ് ഇത്. അതിനാല്‍ ചെലവു വിവരങ്ങള്‍ അറിയേണ്ടത് പൊതുജനങ്ങളുടെ അവകാശമാണെന്നാണ് ലോകേഷ് ബത്ര വാദിക്കുന്നത്.

shortlink

Post Your Comments


Back to top button