KeralaNews

കൊച്ചി–കോഴിക്കോട് അതിവേഗ ജലയാനം ഡിസംബറില്‍

കൊച്ചി: കൊച്ചിയില്‍നിന്ന് കോഴിക്കോട്ടിലേക്കുള്ള രാജ്യത്തെ ആദ്യ അതിവേഗ ഹൈഡ്രോഫോയില്‍ ഫെറി സര്‍വിസ് ആരംഭിക്കുവാനുള്ള നടപടി കൊച്ചി പോര്‍ട്ട് ട്രസ്റ്റും സംസ്ഥാന തുറമുഖ വകുപ്പും വേഗത്തിലാക്കി. ഡിസംബര്‍ ആദ്യം കൊച്ചി-ബേപ്പൂര്‍ തുറമുഖങ്ങളെ ബന്ധിപ്പിച് സർവീസ് നടത്താനാണ് തീരുമാനം. കടലിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് കൊച്ചി-കോഴിക്കോട് ദൂരം പിന്നിടാമെന്നതാണ് പ്രധാന ആകര്‍ഷണം.

പ്രവാസികളുടെ മുതല്‍മുടക്കില്‍ 130 പേര്‍ക്കിരിക്കാവുന്ന രണ്ട് ജലയാനങ്ങളാണ് ഇതിനായി എറണാകുളം വാര്‍ഫില്‍ സജ്ജമായിട്ടുള്ളത്. സാധാരണ ബോട്ടുകളില്‍നിന്ന് വ്യത്യസ്തമാണ് ഹൈഡ്രോഫോയില്‍. എ.സി അടക്കം മുന്തിയ സൗകര്യങ്ങളും കൂടിയ സുരക്ഷയും വേഗം കൂടിയ എന്‍ജിനുകളുമാണ് ഇതിന്‍െറ പ്രത്യേകത. കീഴ്ഭാഗത്ത് ഉറപ്പിച്ച ചിറകുകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന യാനത്തിന്‍െറ ചിറകുകള്‍ വെള്ളത്തിനടിയിലും ശേഷിച്ചഭാഗം മുകളിലുമായിരിക്കും.

50 കോടി വീതം ചെലവിട്ട് റഷ്യന്‍ സഹകരണത്തോടെ ഗ്രീസിലെ ഏഥന്‍സില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് ജലയാനങ്ങള്‍. സര്‍വിസ് തുടങ്ങുന്നതിന് മുന്നോടിയായി റഷ്യയില്‍ നിന്നുള്ള ചീഫ് എന്‍ജിനീയറുടെയും ക്യാപ്റ്റന്‍െറയും മേൽ നോട്ടത്തിൽ പരീക്ഷണഓട്ടം നവംബറില്‍ നടക്കും. കഴിഞ്ഞ ഓണത്തിന് സര്‍വിസ് തുടങ്ങാന്‍ കഴിയും വിധം ജൂലൈയില്‍ ജലയാനങ്ങള്‍ എത്തിച്ചെങ്കിലും സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാകാത്തതില്‍ നടന്നില്ല.

വാണിജ്യാടിസ്ഥാനത്തില്‍ സര്‍വിസ് നടത്താന്‍ മര്‍ക്കന്‍റയില്‍ മറൈന്‍ ഡിപാര്‍ട്ട്മെന്‍റിന്‍െറ അനുമതി ലഭിക്കണം. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്നു അധികൃതര്‍ പറഞ്ഞു. വിദേശ മലയാളികളുടെ കമ്പനിയായ സേഫ് ബോട്ട്സ് ട്രിപ്പിന് കൊച്ചി-ബേപ്പൂര്‍ സര്‍വിസ് ആരംഭിച്ചശേഷം വിഴിഞ്ഞത്തേക്ക് സര്‍വിസ് തുടങ്ങാനും പദ്ധതിയുണ്ട്. ജലയാന സര്‍വിസ് നടത്താന്‍ നേരത്തേതന്നെ ധാരണാപത്രത്തില്‍ തുറമുഖ വകുപ്പും സേഫ് ബോട്ട് ട്രിപ്സ് അധികൃതരും ഒപ്പുവെച്ചിരുന്നു.

മണിക്കൂറില്‍ 75 കി.മീ വരെ ദൂരത്തിൽ, തീരത്തുനിന്ന് 12 കിലോമീറ്റര്‍ മാറിയാണ് ബോട്ടിന്‍െറ യാത്ര. ഒരാള്‍ക്ക് ആയിരം രൂപയോളമായിരിക്കും യാത്രക്കൂലിയാകും. ഓരോരുത്തര്‍ക്കും കിലോമീറ്ററിന് ഒരുരൂപ വീതം സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. കരമാര്‍ഗമുള്ള യാത്രയേക്കാള്‍ നേരത്തേ എത്തുമെന്നതും കൂടിയ സൗകര്യങ്ങളും ഉല്ലാസ യാത്ര പ്രതീതിയും യാത്രക്കാരെ ഏറെ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

shortlink

Post Your Comments


Back to top button