ന്യൂഡല്‍ഹി: കാളകളെ ഉപയോഗിച്ചുള്ള ജെല്ലിക്കെട്ടിന് കേന്ദ്രം അനുമതി നല്‍കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്‌ഥാനത്തിൽ ജെല്ലിക്കെട്ടിന്റെ നിരോധനം നീക്കരുതെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ സംഘടനയായ പെറ്റ (പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് അനിമൽസ്) രംഗത്തെത്തി.
ഇതുമായി ബന്ധപ്പെട്ട് ജന്ദര്‍ മന്ദറില്‍ കാളകളുടെ കൂറ്റന്‍ രൂപങ്ങൾ കൊണ്ട് വന്നു പ്രതിഷേധം നടത്തുമെന്ന് പെറ്റ അറിയിച്ചു. കാളകളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന പഴയ കാലത്തിലേക്ക് തിരിച്ചു പോകരുത്. അപകടകരവും ക്രൂരവും പൊതുശ്രദ്ധ ആകര്‍ഷിക്കുന്നതുമായ ഇത്തരം വിനോദങ്ങള്‍ നിരോധിക്കുന്നതിലൂടെ ശരിയായ കാര്യമാണ് ഇന്ത്യ ചെയ്യാന്‍ പോകുന്നതെന്നാണ് ലോകം കരുതുന്നത്.
നിയമത്തില്‍ ഭേദഗതി വരുത്തി ജെല്ലിക്കെട്ട് നിരോധനം നീക്കം ചെയ്യാനാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിയിടുന്നതെന്നും പെറ്റ ഇന്ത്യന്‍ അധികൃതര്‍ പറഞ്ഞു. ജെല്ലിക്കെട്ടിന് ഉപയോഗിക്കുന്ന കാളകള്‍ക്ക് മനപൂര്‍വം മദ്യം നൽകി മത്സരത്തിനിറക്കാറുണ്ട്. അരിവാള്‍, കുന്തം, കത്തി, വടി എന്നിവകൊണ്ട് ഇവയെ അടിക്കുകയും കുത്തുകയും ചെയുന്നതും മത്സരത്തിൽ പതിവാണ്.
2014 ജെല്ലിക്കെട്ടിനിടയില്‍ മൂന്നു കാളകള്‍ ചത്തിരുന്നു. മനുഷ്യര്‍ക്കും അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 2010നും 2014നും ഇടയില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു കുട്ടി ഉള്‍പ്പെടെ 17 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments