വാഷിങ്ടൺ- ഇന്ത്യൻ വ്യോമസേനയുമായുള്ള വിമാന ഇടപാടിൽ 38 കോടി രൂപ ഇടനിലക്കാരായ കടലാസ് കമ്പനിക്കു നൽകിയതായി ബ്രസീൽ വിമാനക്കമ്പനി എംബ്രയർ സമ്മതിച്ചു. 2008ൽ യുപിഎ സർക്കാരിന്റെ കാലത്തു സൈനിക വിമാനങ്ങൾ വിൽക്കാൻ ഇന്ത്യയുമായി 20.8 കോടി ഡോളറിന്റെ (ഏകദേശം 1372 കോടി രൂപ) ഇടപാടാണു നടത്തിയത്. ഇന്ത്യ അടക്കം നാലുരാജ്യങ്ങളിലെ പ്രതിരോധ ഇടപാടുകളിൽ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തിയെന്ന കേസുകൾ 20.5 കോടി ഡോളറിന് (ഏകദേശം 1353 കോടി രൂപ) ഒത്തു തീർപ്പായതോടെയാണ് എംബ്രയർ കടലാസ് കമ്പനിക്കു പണം നൽകിയതു വെളിപ്പെടുത്തിയതെന്ന് യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചു.
ഇന്ത്യക്കു പുറമേ ഡൊമിനിക്കൻ റിപ്പബ്ലിക്, സൗദി അറേബ്യ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ വിവിധ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ടു സർക്കാർ ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയതിന് പിഴയായി 10.7 കോടി ഡോളറും , മറ്റു അഴിമതി കേസുകളിൽ കോടികളുടെ പിഴയും എംബ്രയറിനു നൽകേണ്ടി വരും. ഇന്ത്യയടക്കം മൂന്നു രാജ്യങ്ങളിൽ ആദായകരമായ സർക്കാർ കരാറുകൾ നേടാൻ കോടിക്കണക്കിനു രൂപയാണു കൈക്കൂലിക്കായി ചിലവഴിച്ചത്.
2008ലാണു സൈനിക വിമാനങ്ങൾ വ്യോമസേനയ്ക്കു നൽകാൻ ഇന്ത്യയുമായുള്ള കരാർ നേടിയത്. ഏജന്റ് ഡി എന്നു യുഎസ് കോടതി പരാമർശിക്കുന്ന ഇടനിലക്കാരനാണു പണം നൽകിയത്. കരാർ നേടിയാൽ ഇടനിലക്കാരനുവേണ്ടി കടലാസ് കമ്പനിക്ക് ഇടപാടിന്റെ ഒൻപതു ശതമാനം കമ്മിഷനായി നൽകാമെന്നായിരുന്നു ധാരണ. ഏജന്റുമായുള്ള കരാർ ഇന്ത്യൻ നിയമപ്രകാരം നിയമവിരുദ്ധമാകുമെന്നതിനാൽ എംബ്രയർ ഉദ്യോഗസ്ഥന്റെയും ഇടനിലക്കാരന്റെയും സാന്നിധ്യത്തിൽ മാത്രമേ തുറക്കാവൂ എന്ന വ്യവസ്ഥയിൽ കരാർ ലണ്ടനിൽ ബാങ്ക് ലോക്കറിലാണു സൂക്ഷിച്ചത്.
ഇടനിലക്കാരനുവേണ്ടി കടലാസ് കമ്പനിയുമായുള്ള കരാർ ഒപ്പിട്ട് ഒരുമാസം കഴിയും മുൻപേ 2008 ഫെബ്രുവരി എട്ടിന് വ്യോമസേനയ്ക്കു റഡാർ സംവിധാനം വിൽക്കുന്നതിനു വേണ്ടി
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) യുമായി ധാരണപത്രം ഒപ്പിട്ടതായി എംബ്രയർ പ്രഖ്യാപിച്ചു. 2008 ജൂലൈ മൂന്നിനു വിമാന ഇടപാടും ഒപ്പുവച്ചു. തൊട്ടടുത്ത ദിവസം ഇടനിലക്കാരൻ എംബ്രയർ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടു കമ്മിഷൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് 38 കോടി രൂപ കൈമാറാൻ കമ്പനി ധാരണയായി.
പണമിടപാട് മറച്ചുവയ്ക്കാൻ ഒരു വ്യാജ ഏജൻസി കരാർ എഴുതിയുണ്ടാക്കുകയും ചെയ്തു. നിലവിൽ യുഎസ് അധികൃതരുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും ബ്രസീൽ കമ്പനിക്ക് ഇന്ത്യൻ നിയമത്തിൽനിന്ന് രക്ഷപ്പെടാനാവില്ലെന്ന് സംഭവുമായി ബന്ധപെട്ട് പ്രതിരോധമന്ത്രി മനോഹർ പരീക്കർ പ്രതികരിച്ചു. 1372 കോടി രൂപയുടെ വിമാന ഇടപാടിൽ സിബിഐ അന്വേഷണം തുടരുമെന്നും എംബ്രയർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടികൾ ഉടൻ പൂർത്തിയാകുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു.
അമേരിക്കൻ നിയമവ്യവസ്ഥയിൽ പിഴയടച്ചാൽ അഴിമതിക്കേസുകൾ തീരും എന്നാൽ ഇന്ത്യയിലെ ക്രിമിനൽ നിയമങ്ങളിൽ അങ്ങനെയല്ല. എംബ്രയറിൽനിന്നു വാങ്ങിയ സൈനിക വിമാനങ്ങൾ ഉപയോഗിക്കാതിരിക്കില്ലെന്നും ഇന്ത്യൻ നിയമപ്രകാരം പ്രതിരോധ ഇടപാടുകളിൽ ഇടനിലക്കാരെ പൂർണമായും തടഞ്ഞിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സിബിഐ അന്വേഷണം നടത്തുന്നത്.
Post Your Comments