NewsInternational

ഇന്ത്യയെ വെല്ലുവിളിച്ച് ഇമ്രാന്‍ ഖാന്‍ : ഇന്ത്യക്ക് പാകിസ്ഥാനെ ഒരിക്കലും തകര്‍ക്കാനാകില്ല

ഇസ്ലാമബാദ്: പാകിസ്ഥാനെ ഉള്ളില്‍ നിന്ന് നശിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. സൈനികമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് ഇന്ത്യ ഇത്തരത്തില്‍ നീങ്ങുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. പാകിസ്ഥാനില്‍ അഴിമതിക്കെതിരായ നീക്കങ്ങളെ തടയാനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുയാണെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്റെ വ്യവസ്ഥയെ ശുദ്ധീകരിക്കാനായി ഒരു അഴിമതി വിരുദ്ധ പരിഷ്‌കരണ പ്രസ്ഥാനം ശക്തിപ്പെടുന്നത് ഇന്ത്യ ഇഷ്ടപ്പെടുന്നില്ല. പനാമ രേഖകളില്‍ പറയുന്ന കള്ളപ്പണ നിക്ഷേപവും അഴിമതിയും സംബന്ധിച്ച ആരോപണങ്ങളില്‍ നിന്ന രക്ഷപ്പെടാന്‍ മാത്രമാണ് നവാസ് ഷെരീഫ് ശ്രമിക്കുന്നത്. പനാമ പേപ്പേഴ്‌സിലുള്ളത് വെറും ആരോപണങ്ങളല്ല. പ്രധാനമന്ത്രിയുടെ അഴിമതിയുടെ തെളിവാണെന്നും ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. പനാമ പേപ്പേഴ്‌സ് രേഖകള്‍ പ്രകാരം നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് ആരോപണം. ഇസ്ലാമബാദില്‍ ഗവണ്‍മെന്റ്, സൈനിക പ്രതിനിധികള്‍ പങ്കെടുത്ത ഉന്നതതല യോഗത്തിന്റെ വിവരം മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ആരാണെന്ന് കണ്ടെത്തണം. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button