ന്യൂഡല്‍ഹി: പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥികളുടെ മുഖമായി നാഷണല്‍ ജ്യോഗ്രഫിക് മാസികയിലൂടെ ശ്രദ്ധേയയായ ഷര്‍ബത് ബിബിയെ അറസ്റ്റ് ചെയ്തു.പാക് പൗരന്‍മാര്‍ക്ക് നല്‍കുന്ന ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയതിനാണ് ഷര്‍ബത് ബിബി പിടിയിലായത്. 1984ല്‍ പെഷവാറില്‍ നിന്നാണ് നാഷണല്‍ ജ്യോഗ്രഫിക്ക് മാഗസിന്റെ ഫോട്ടോഗ്രോഫറായ സ്റ്റീവ് മക്കറെ ഷര്‍ബത് ബിബിയെ കണ്ടെത്തുന്നത്.
തുടര്‍ന്ന് 1985ല്‍ മാഗസിന്റെ കവര്‍ചിത്രമായി ഈ ചിത്രം അച്ചടിച്ചു. അന്ന് 12 വയസായിരുന്നു ഷര്‍ബത് ബിബിയുടെ പ്രായം. അഫ്ഗാൻ മൊണാലിസ എന്നാണ് ചിത്രം പ്രശസ്തമായതോടെ ഷർബത് ബിബിയെ ലോകം വിളിച്ചത്. ഇവരുടെ പൂച്ചക്കണ്ണുകൾ ആണ് ലോകത്തെ ആകര്ഷിച്ചതും ഇപ്പ്പോൾ പിടിയിലാകാൻ കാരണമായതും.
ചീകിയൊതുക്കാത്ത മുടിയെ കീറിയ ചുവന്ന ഷാള്‍ കൊണ്ട് മറച്ച്, തുളഞ്ഞു കയറുന്ന കണ്ണില്‍ ദേഷ്യം നിറച്ച് അവള്‍ നോക്കിയത് ലോകത്തെയാണ്. യുദ്ധത്താല്‍ തകര്‍ക്കപ്പെട്ട ഒരു രാജ്യത്തിന്റെ പരിതാപാവസ്ഥകള്‍ മുഴുവന്‍ ആ കണ്ണുകളില്‍ പ്രതിഫലിച്ചിരുന്നു. ലോകം അവളെ അഫ്ഗാനിസ്താനിലെ മോണാലിസ എന്നുവിളിച്ചു.
പാക് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് ഇവരെ തിരിച്ചറിയാന്‍ സഹായിച്ചത് ഈ കണ്ണുകൾ ആയിരുന്നു.അഫ്ഗാനിലെ ആഭ്യന്തര സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇവര്‍ പാകിസ്താനിലേക്ക് പലായനം ചെയ്തത്. പാക്, അഫ്ഗാന്‍ പൗരത്വം ഇങ്ങനെ കൃത്രിമമായി ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തി.
Post Your Comments