വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സൗദി യുവാവ് വധുവിനെ മൊഴി ചൊല്ലി. വധു സോഷ്യല്‍ മീഡിയയില്‍ വിവാഹചിത്രങ്ങള്‍ ഷെയര്‍ ചെയ്തതില്‍ കലി പൂണ്ടാണ് യുവാവ് അവളെ മൊഴി ചൊല്ലിയതെന്നാണ് റിപ്പോര്‍ട്ട്. സ്‌നാപ്പ് ചാറ്റിലായിരുന്നു വധു കല്യാണ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരുന്നത്. ഇവിടെ നടക്കുന്ന വിവാഹമോചനങ്ങളില്‍ 50 ശതമാനവും അടുത്തിടെ വിവാഹിതരായവരിലാണെന്നാണ് സൗദി നിയമവിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നത്
തന്റെ സഹോദരിയും വരനും തമ്മില്‍ വിവാഹത്തിന് മുമ്പ് കരാറുണ്ടാക്കിയിരുന്നുവെന്നും അതനുസരിച്ച് അവളുടെ ചിത്രങ്ങള്‍ സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റാഗ്രാം, അല്ലെങ്കില്‍ ട്വിറ്റര്‍ തുടങ്ങിയവയില്‍ പോസ്റ്റ് ചെയ്യാനോ അല്ലെങ്കില്‍ സെന്‍ഡ് ചെയ്യാനോ പാടില്ലായിരുന്നുവെന്നുമാണ് വധുവിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഉടമ്പടി വിവാഹക്കരാറിനൊപ്പം ഒപ്പ് വയ്ക്കപ്പെട്ടിരുന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തുന്നു.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കില്ലെന്ന് ഭാര്യ മുന്‍കൂട്ടി ഉറപ്പ് നല്‍കിയിരുന്നുവെന്നും അത് ലംഘിച്ചതിനാലാണ് താന്‍ മൊഴി ചൊല്ലുന്നതെന്നുമാണ് യുവാവ് സ്വയം ന്യായീകരിക്കുന്നത്. ഇതിനെ തുടര്‍ന്ന് യുവാവ് മൊഴിചൊല്ലിയതിന്റെ പേരില്‍ ഇരു കുടുംബങ്ങളും തമ്മില്‍ കടുത്ത തര്‍ക്കമാണ് പിന്നീട് അരങ്ങേറിയിരുന്നത്. ഈ കരാര്‍ തീര്‍ത്തും നീതിരഹിതമാണെന്നാണ് വധുവിന്റെ കുടുംബക്കാര്‍ ആരോപിക്കുന്നത്. എന്നാല്‍ മുന്‍കൂട്ടിയുണ്ടാക്കിയ കരാര്‍ അനുസരിച്ച് യുവാവിന് വിവാഹമോചനത്തിന് അവകാശമുണ്ടെന്നാണ് വരന്റെ വീട്ടുകാര്‍ വാദിക്കുന്നത്.
Post Your Comments