ലോസ് ആഞ്ചലസ്: എബിസി ചാനലിന്‍റെ “ജിമ്മി കിമ്മല്‍ ലൈവ്” പരിപാടിയില്‍ പങ്കെടുത്ത പ്രസിഡന്‍റ് ബാരക്ക് ഒബാമ എതിര്‍പാര്‍ട്ടിക്കാരനും തന്‍റെ ഏറ്റവും കടുത്ത വിമര്‍ശകന്മാരില്‍ ഒരാളുമായ ഡൊണാള്‍ഡ് ട്രംപിനെ പരിഹാസങ്ങള്‍ കൊണ്ട് മൂടി. തനിക്ക് വിരോധമുള്ളവരെ താഴ്ത്തിക്കെട്ടാന്‍ ട്വിറ്റര്‍ ഉപയോഗിച്ച് മണ്ടത്തരങ്ങള്‍ നിറഞ്ഞ ട്വീറ്റുകള്‍ കുറിക്കുന്ന ട്രംപിന്‍റെ രീതിയാണ് ഒബാമയുടെ പരിഹാസങ്ങള്‍ക്ക് പ്രധാനമായും ഇരയായത്.
പരിപാടിയിലെ ഏറ്റവും പ്രധാന ഭാഗം, തന്നെക്കുറിച്ച് ട്രംപ് കുറിച്ച കുറ്റപ്പെടുത്തുന്ന ട്വീറ്റുകള്‍ ഒബാമ ഉറക്കെ വായിക്കുന്നതായിരുന്നു. അങ്ങനെ ഒബാമ വായിച്ച ചില ട്രംപ് ട്വീറ്റുകളാണ്:
“അമേരിക്കയുടെ ചരിത്രത്തിലെതന്നെ ഏറ്റവും മോശം പ്രസിഡന്‍റായിട്ടായിരിക്കും പ്രസിഡന്‍റ് ഒബാമ ഇറങ്ങിപ്പോകുന്നത്!”. ഈ ട്വീറ്റിനുള്ള ഒബാമയുടെ മറുപടിയായിരുന്നു ഏറെ രസകരം,”ഞാന്‍ പ്രസിഡന്‍റ് പദവിയില്‍ ഇരുന്നെട്ടെങ്കിലും ആണല്ലോ ഇറങ്ങിപ്പോകുന്നത്,” ഒബാമ പറഞ്ഞു.
പരിപാടിയുടെ ആതിഥേയനായ ജിമ്മി കിമ്മലും ഒബാമയുടെ കൂടെച്ചേര്‍ന്ന്‍ ട്രംപിനെ കണക്കറ്റ് പരിഹസിച്ചു. “പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന്‍ ഇടവേള എടുത്താണ് ഒബാമ തന്‍റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതെന്ന് കിമ്മല്‍ പറഞ്ഞു. നവംബര്‍ 8-ന് നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹിലരിയും ഒബാമയും കൃത്രിമം കാട്ടി ജയിക്കും എന്ന ട്രംപിന്‍റെ കൂടെക്കൂടെയുള്ള ആരോപണങ്ങള്‍ക്കുള്ള കിമ്മലിന്‍റെ പരിഹാസമായിരുന്നു അത്.
ട്രംപിനെ ടിവിയിലും മറ്റും കാണുമ്പോള്‍ ചിരി വരാറുണ്ടോ എന്ന കിമ്മലിന്‍റെ ചോദ്യത്തിന് ഒബാമ മറുപടി പറഞ്ഞത്,”മിക്കപ്പോഴും വരാറുണ്ട്” എന്നായിരുന്നു.
ഒബാമയുടെ രണ്ടാമത്തെയും അവസാനത്തേതുമായ പ്രസിഡന്‍ഷ്യല്‍ കാലാവധി 2017, ജനുവരി 20-ന് അവസാനിക്കുകയാണ്. ഇത് നന്നായെന്നാണ് ഒബാമയുടെ അഭിപ്രായം.
“ഞാന്‍ മൂന്നാമത്തെ അവസരത്തിനു വേണ്ടി മത്സരിച്ചിരുന്നെങ്കില്‍ മിഷേല്‍ എന്നെ ഡൈവോഴ്സ് ചെയ്തേനെ,” ഒബാമ പറഞ്ഞു. മിഷേലിന് രാഷ്ട്രീയം ഇഷ്ടമല്ലെന്നതാണ് ഇതിനു കാരണം.
Post Your Comments