കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റില് (ഐ.എസ്.) നിന്നും യുദ്ധപരിശീലനം നേടി കൂടുതല്‍ മലയാളികള്‍ കേരളത്തില്‍ തിരിച്ചെത്തിയതായി സൂചന. കേസില്‍ അറസ്റ്റിലായ സുബ്ഹാനിയെ കസ്റ്റഡിയില്‍ ചോദ്യംചെയ്ത എന്‍.ഐ.എ.ക്ക് ഇതു സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ലഭിച്ചു.
ഐ.എസ്സിന്റെ റിക്രൂട്ട്‌മെന്റ് താവളമായി കേരളത്തെ ഉപയോഗപ്പെടുത്തിയെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഐ.എസ് യുദ്ധപരിശീലനം കഴിഞ്ഞ് തിരിച്ചെത്തിയവരെ കണ്ടെത്താന്‍ എന്‍.ഐ.എ. കേരളത്തിലുടനീളം തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്‍.ഐ. എ.യുടെ നിരീക്ഷണത്തിലുള്ള ചിലരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് കരുതുന്നത്.
പാരിസ് ആക്രമണത്തില്‍ പങ്കെടുത്തവരെ അറിയാമെന്ന് സുബ്ഹാനി ചോദ്യംചെയ്യലില്‍ സമ്മതിച്ചതിനെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് സുബ്ഹാനിയെ ചോദ്യംചെയ്‌തേക്കുമെന്നു സൂചനയുണ്ട്. തുര്‍ക്കിയിലെ ഇസ്താംബുളില്‍നിന്ന് ഇറാഖിലേക്ക് കടക്കുമ്പോഴാണ് സുബ്ഹാനി പാരിസ് ആക്രമണത്തിന് നേതൃത്വം നല്‍കിയവരുമായി പരിചയപ്പെടുന്നതെന്നാണ് പ്രാഥമിക വിവരം. പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും എത്തിയ ചിലരും യാത്രയില്‍ സുബ്ഹാനിക്കൊപ്പമുണ്ടായിരുന്നു.
പാരിസ് ആക്രമണത്തിന് നേതൃത്വംനല്‍കിയ അബ്ദുല്‍ ഹമീദ് അബൗദ്, സുബ്ഹാനിക്ക് യുദ്ധപരിശീലനം നല്‍കിയിരുന്നോയെന്ന കാര്യമാണ് എന്‍.ഐ.എ. ഇപ്പോള്‍ അന്വേഷിക്കുന്നത്. ശിവകാശിയില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ സുബ്ഹാനി വാങ്ങിയതായി കണ്ടെത്തി. ഇവ കേരളത്തില്‍ ആര്‍ക്കാണ് കൈമാറിയതെന്ന അന്വേഷണത്തിലാണെന്നും സിറിയയിലെയും ഇറാഖിലെയും ക്യാമ്പുകളിലെ പരിശീലനം കഴിഞ്ഞെത്തിയ മലയാളികള്‍ക്ക് ഈ ആയുധങ്ങള്‍ കൈമാറാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ലെന്നുമാണ് എന്‍.ഐ.എ. കരുതുന്നത്.
Post Your Comments