ഡൽഹി: സൗമ്യ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മര്‍ക്കണ്ഡേയ കട്ജു. നവംബര്‍ 11-ന് ഹാജരാകണമെന്നുള്ള നോട്ടീസ് ലഭിച്ചുവെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജിയായ കട്ജു അറിയിച്ചു. സൗമ്യ വധക്കേസ് വിധി തെറ്റാണെന്ന് പരാമര്‍ശിച്ച കട്ജുവിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ കട്ജു രംഗത്ത് വന്നിരുന്നത്.
കട്ജുവിന്റെ പരാമര്‍ശം ഹര്‍ജിയായി പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അദ്ദേഹത്തോട്നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഇത് ആദ്യമായാണ് ഫെയ്‌സ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ സുപ്രിംകോടതി ജഡ്ജിയായിരുന്ന ഒരാള്‍ക്ക് കോടതി നോട്ടീസ് അയക്കുന്നത്. പ്രതിക്ക് കൊല നടത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് തെളിയിക്കാനാകാത്തതിനാല്‍ കൊലക്കുറ്റം ചുമത്താനാകില്ലെന്ന സുപ്രീംകോടതി വിധി തെറ്റാണെന്നായിരുന്നു കട്ജുവിന്റെ പരാമര്‍ശം.
കട്ജു സുപ്രീംകോടതിയില്‍ ഹാജരാവില്ലെന്ന നിലപാടാണ് ആദ്യം സ്വീകരിച്ചത്. ഭരണഘടനയുടെ 124(7) വകുപ്പുപ്രകാരം സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിമാര്‍ ഇന്ത്യയിലെ ഒരു കോടതിയിലും വാദിക്കാനോ ഹാജരാകാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായി തെറ്റില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയാല്‍ ഹാജരാകാമെന്ന് പിന്നീട് നിലപാടെടുത്തു. എന്നാല്‍, ഹാജരാകുമെന്ന കാര്യം കട്ജു അറിയിച്ചത് ഞായറാഴ്ചയാണ്.
Post Your Comments