ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ നോണ്‍ സ്‌റ്റോപ്പ്
വിമാന സര്‍വീസ് നടത്തിയ എയര്‍ലൈന്‍ കമ്പനിയെന്ന ഖ്യാതി ഇനി എയര്‍ ഇന്ത്യയ്ക്ക് സ്വന്തം. ഡല്‍ഹിയില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് ആയിരുന്നു ഇടവേള എടുക്കാതെയുള്ള എയര്‍ ഇന്ത്യയുടെ പറക്കല്‍. പസഫിക് റൂട്ടിലൂടെയുള്ള കന്നി പറക്കലിലൂടെ 14.30 മണിക്കൂറില്‍ എയര്‍ ഇന്ത്യ താണ്ടിയത് 15,300 കിലോമീറ്റര്‍.
ഒക്ടോബര്‍ 16ന് പുലര്‍ച്ചെ നാല് മണിക്കായിരുന്നു വിമാനത്തിന്റെ ടേക്ക് ഓഫെന്ന് എയര്‍ ഇന്ത്യ അധികൃതന്‍ അറിയിച്ചു. ഒക്ടോബര്‍ 16ന് പ്രാദേശിക സമയം 6.30ന് വിമാനം സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
അറ്റ്‌ലാന്റിക് റൂട്ടുമായി താരതമ്യം ചെയ്യുമ്പോള്‍ പസഫിക് റൂട്ടില്‍ 1,400 കിലോമീറ്റര്‍ അധിക ദൂരം വിമാനത്തിന് താണ്ടേണ്ടി വന്നു. എന്നിട്ടും വിമാനം അറ്റ്‌ലാന്റിക് റൂട്ടിന് വേണ്ടതിനേക്കാള്‍ രണ്ട് മണിക്കൂര്‍ കുറഞ്ഞ സമയത്ത് ലാന്‍ഡ് ചെയ്തു. വിമാനം പോകുന്ന അതേദിശയില്‍ തന്നെ വീശുന്ന ടെയ്ല്‍ വിന്‍ഡ്‌സ്
(Tailwinds) എന്ന പ്രത്യേക ചിറകുകളാണ് അതിവേഗ പറക്കലിന് എയര്‍ ഇന്ത്യയെ സഹായിച്ചത്.
ഒക്ടോബര്‍ പതിനഞ്ചിന് എയര്‍ ഇന്ത്യയുടെ 84ാം വാര്‍ഷികമായിരുന്നു. ഇന്ത്യന്‍ എയര്‍ലൈനുമായി ലയിച്ച് പത്ത് വര്‍ഷം പിന്നിടുമ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 105 കോടി ആയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ധന തുകയില്‍ ഉണ്ടായ 30 ശതമാനം കുറവാണ് ലാഭത്തില്‍ പ്രതിഫലിച്ചതെന്ന് ദേശീയ എയര്‍ലൈന്‍ പറയുന്നു.
രണ്ട് വര്‍ഷക്കാലം മാത്രമേ എയര്‍ ഇന്ത്യയ്ക്ക് ഈ നോണ്‍ സ്‌റ്റോപ്പ് പറക്കല്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ നിലനിര്‍ത്താന്‍ കഴിയൂ. 19 മണിക്കൂറില്‍ 16,500 കിലോമീറ്റര്‍ പിന്നിട്ട് സിംഗപൂരില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന സിംഗപൂര്‍ എയര്‍ലൈന്‍സ് ആണ് എയര്‍ ഇന്ത്യയ്ക്ക് വെല്ലുവിളി.
Post Your Comments