കൊച്ചി : ഐ.എസ്സില്‍ പ്രവർത്തിച്ചതിനു പിടിയിലായ സുബ്ഹാനിയുടെ ഫൊറന്‍സിക് പരിശോധ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ നടന്നു. സുബ്ഹാനിയുടെ ശരീരത്തിലുണ്ടായിരുന്ന പരിക്കുകള്‍ ഇറാഖിലെ യുദ്ധത്തില്‍ സംഭവിച്ചതാണോയെന്നതായിരുന്നു പരിശോധന.
റേഡിയോളജി വിഭാഗത്തില്‍ എം.ആര്‍.ഐ.സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയ സുബ്ഹാനിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി മന്‍സിദിന്റെ ശബ്ദ പരിശോധന നടത്താനുള്ള എന്‍.ഐ.എ.യുടെ അപേക്ഷയും കോടതി അംഗീകരിച്ചു.
ഫൊറന്‍സിക് പരിശോധനയില്‍ എന്‍.ഐ.എ.ക്ക് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഐ.എസ്സിനു വേണ്ടി യുദ്ധംചെയ്യാന്‍ സുബ്ഹാനിയെ മൊസൂളിലേക്ക് നിയോഗിച്ചിരുന്നുവെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയിരുന്നത്. അതോടൊപ്പം മൊസൂളിലെ ആക്രമണത്തിൽ സമീപത്തുണ്ടായിരുന്ന രണ്ടുപേര്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മന്‍സീദിന്റെ ശബ്ദ പരിശോധനയ്ക്ക് അനുമതി കിട്ടിയതോടെ എന്‍.ഐ.എ.ക്ക് നിര്‍ണായകതെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ചാണ് മന്‍സീദും സംഘവും പദ്ധതികളും ആശയങ്ങളും രൂപപ്പെടുത്തിയിരുന്നത്. സമീര്‍ അലി എന്ന വ്യാജപേരില്‍ ഗ്രൂപ്പിനെ നയിച്ചിതും മന്‍സീദാണ്. ഗ്രൂപ്പിലെ ശബ്ദ സന്ദേശങ്ങളും ഫോണ്‍ വിളികളും മന്‍സീദിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ എന്‍.ഐ.എ. നടത്തുന്നത്.
Post Your Comments