തിരുവനന്തപുരം ● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തോടെ പുതുതായി പണികഴിപ്പിച്ച ഇരുനില ആകാശ ഇടനാഴി (സ്‌കൈ വാക്ക്) മുഖ്യമന്ത്രി പിണറായി വിജയന്‍ ഒക്‌ടോബര്‍ 25-ാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമര്‍പ്പിക്കും. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 5.2 കോടി രൂപ വിനിയോഗിച്ചാണ് ആകാശ ഇടനാഴി നിര്‍മ്മിച്ചത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധാമൂര്‍ത്തി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ബഹു. വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും.
ഈ കാഴ്ച ഇനി പഴങ്കഥ… തിരക്കേറിയ റോഡിലൂടെ സ്‌ട്രെച്ചര്‍ തള്ളി വലയേണ്ട; ആകാശ ഇടനാഴി പ്രവര്‍ത്തന സജ്ജം
ഒരു പ്രാവശ്യമെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഈ കാഴ്ച ഒരിക്കലും മറക്കാന്‍ കഴില്ല. മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.റ്റി. ആശുപത്രി, ശ്രീ ചിത്ര തിരുനാള്‍ ആശുപത്രി, റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിംഗ് കോളേജ്, ഫാര്‍മസി കോളേജ്, പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലേക്കുള്ള പ്രധാന വഴിയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിതവിഭാഗത്തിന് മുന്നിലുള്ള ഈ റോഡ്. മെഡിക്കല്‍ കോളേജ് ആശുപത്രി, അത്യാഹിത വിഭാഗം, ഒ.പി. ബ്ലോക്ക്, ബ്ലഡ് ബാങ്ക്, ലാബുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ റോഡിന് ഇരുവശത്താണുള്ളത്. ഈ തിരക്കേറിയ റോഡിലൂടെയാണ് വീല്‍ചെയറിലും സ്‌ട്രെച്ചറിലും അത്യാസന്നരായ രോഗികളെക്കൊണ്ടു പോകുന്നത്. ഇനി ഈ കാഴ്ച ഓര്‍മ്മയില്‍ മാത്രമാകും.
മെഡിക്കല്‍കോളേജിലെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇന്‍ഫോസിസ് സാക്ഷാത്കരിച്ചത്. ഇന്‍ഫോസിസിന്റെ കേരളത്തിലെ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് ഈ ആകാശ ഇടനാഴി. 100 മീറ്ററിലധികം നീളത്തില്‍ ഇരു ബ്ലേക്കുകളിലേയും ഒന്നാം നിലയേയും രണ്ടാം നിലയേയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള രണ്ടു നിലയുള്ള 2 ഇടനാഴികളാണ് നിര്‍മ്മിച്ചത്. പഴയ ആശുപത്രി ബ്ലോക്കിനേയും പുതിയ ഒ.പി. ബ്ലോക്കിനേയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പ്രധാന ആകാശ ഇടനാഴി. ഈ ഇടനാഴിയും സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ ഇടനാഴി.
ആധുനിക സാങ്കേതിക വിദ്യയോടെ അമ്പതിലധികം തൊഴിലാളികള്‍ ഒരുവര്‍ഷത്തോളം രാത്രിയും പകലുമായി ജോലി ചെയ്താണ് ആകാശ ഇടനാഴി പൂര്‍ത്തിയാക്കിയത്. ബലക്കുറവുള്ള ഭാഗങ്ങളില്‍ പൈലിംഗ് നടത്തി വലിയ തൂണുകള്‍ നിര്‍ത്തി അതിനു മുകളില്‍ സ്റ്റീല്‍ സ്ട്രക്ചര്‍ ഒരുക്കി തുരുമ്പു പിടിക്കാത്ത ഫ്‌ളോര്‍ ഷീറ്റുകള്‍ ഇട്ടാണ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. അതിന് മുകളില്‍ കോണ്‍ക്രീറ്റ് ചെയ്ത് ടെയില്‍സ് പാകി തറയൊരുക്കി. വശങ്ങളില്‍ ഗ്രാനൈറ്റ് പതിപ്പിച്ചു.
താഴ്ഭാഗത്തെ വശങ്ങളിലായി 11 എം.എം. ഉള്ള ലാമിനേറ്റ് ഗ്ലാസും അതിന് മുകളില്‍ വായുസഞ്ചാരത്തിനായി ലൂവേഴ്‌സും കൊണ്ട് മറച്ചിട്ടുണ്ട്. കട്ടിയുള്ള റൂഫ് ഷീറ്റ് കൊണ്ട് മേല്‍ക്കൂര ഒരുക്കി. സഞ്ചരിക്കുന്നവര്‍ക്ക് പിടിച്ച് നടക്കാനായി സ്റ്റെയിന്‍ലെസ് സ്റ്റീലിലെ കൈവരിയും നിര്‍മ്മിച്ചിട്ടുണ്ട്.
രാത്രിയിലും പകല്‍വെളിച്ചം നല്‍കുന്നതിനായി ആകാശ ഇടനാഴിയില്‍ 40 വാട്ടിന്റെ ഓട്ടോമാറ്റിക് സംവിധാനമുള്ള 80 എല്‍.ഇ.ഡി. ലൈറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. തിരക്കേറിയ റോഡ് മുറിച്ചുകടന്ന് നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഈ ആകാശ ഇടനാഴി വലിയ ആശ്വാസമാകും.
Post Your Comments