സ്റ്റോക്ഹോം: സാഹിത്യ നൊബേല്‍ പുരസ്കാര ജേതാവ് ഗായകന് ബോബ് ഡിലനെ അഹങ്കാരിയെന്നു വിമര്‍ശിച്ച് സ്വീഡിഷ് അക്കാദമി അംഗവും, എഴുത്തുകാരനുമായ പെര് വാസ്റ്റ്ബെര്‍ഗ്. അക്കാദമിയുടെ ഫോണ്‍കോളുകള്‍ക്ക് പ്രതികരിക്കാത്തതും പുരസ്കാരം പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിശബ്ദത തുടരുന്നതുമാണ് വിമർശനത്തിന് കാരണം. അതേസമയം നൊബേല്‍ പുരസ്കാര ജേതാവ് എന്ന വിശേഷണം തന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ബോബ് ഡിലന് നീക്കം ചെയ്തു.
ഈ സാഹചര്യത്തിൽ ഡിസംബറില്‍ നടക്കുന്ന പുരസ്കാരവിതരണ ചടങ്ങില്‍ ഡിലൻ എത്തുമെന്ന കാര്യത്തില്‍ അക്കാദമി അധികൃതർക്ക് ഉറപ്പില്ല.
ഇത് മര്യാദകേടും അഹങ്കാരവുമാണ്. ഇതിനുമുൻപ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല എന്ന് സ്വീഡന് പൊതു ടെലിവിഷന്‍ ചാനലിലൂടെ വാസ്റ്റ്ബെര്‍ഗ് പ്രതികരിച്ചു.
ഊര്ജ്ജതന്ത്ര പുരസ്കാരത്തിന്റെ പേരില്‍ ആല്‍ബെര്‍ട്ട് ഐന്സ്റ്റീന് അക്കാദമിയെ വിമര്‍ശിച്ച സംഭവവുമായി താരതമ്യം ചെയ്താണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അംഗമായ ആന്‍ഡേഴ്സ് ബാരനി പ്രതികരിച്ചത്. ഒരാഴ്ച മുൻപാണ് അമേരിക്കയിലെ ഏറ്റവും പ്രശസ്ത ഗായകന് സ്വീഡിഷ് അക്കാദമി നൊബേല്‍ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചത്.
എഴുപത്തിയഞ്ചുകാരനായ ബോബ് ഡിലന് ലാസ്വേഗാസില് സംഗീതപരിപാടി നടത്തവേ ആണ് അവാർഡ് പ്രഖ്യാപനം വന്നത്. എന്നാല്‍ വേദിയിൽ നൊബേല്‍ പുരസ്കാരത്തെ കുറിച്ച് പ്രതികരിച്ചില്ല. നിരവധി പൊതു വേദികളിൽ ഡിലന് പങ്കെടുത്തിട്ടും നൊബേൽ സമ്മാനത്തിൽ നിശബ്ദതയാണ് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments