പൊന്നാനി : പട്ടിണിമരണത്തെ തുടര്‍ന്ന് അമ്മ നഷ്ടപ്പെട്ട അനാഥയും മാനസികരോഗിയുമായ മകളെ ജില്ലാ ഭരണകൂടം ബന്ധുക്കളെ ഏല്‍പ്പിച്ചു. എടപ്പാള്‍ മതിലകത്ത് വീട്ടില്‍ ശോഭയുടെ മകള്‍ ശ്രുതി (26) യെയാണ് ഇന്നലെ ബന്ധുക്കളെ ഏല്‍പ്പിച്ചത്. പട്ടിണി കിടന്ന് അമ്മ ശോഭ മരിച്ചതോടെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ ഇവര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശ്രുതിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് ബന്ധു ഇവരെ ഏറ്റെടുത്തത്.ശ്രുതിയെ പൂര്‍ണ്ണമായി സംരക്ഷിക്കാമെന്ന കോഴിക്കോടുള്ള അമ്മയുടെ സഹോദരി ജില്ലാ കലക്ടര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സംരക്ഷണ ചുമതല സര്‍ക്കാര്‍ ബന്ധുവിന് വിട്ട് കൊടുത്തത് .
ശ്രുതിയുടെ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് സംരക്ഷണം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. അഡീഷണല്‍ തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് ആശുപത്രിയില്‍ വെച്ച് ശ്രുതിയുടെ സംരക്ഷണച്ചുമതല ബന്ധുക്കള്‍ക്ക് വിട്ട് നല്‍കിയത്. സെപ്റ്റംബര്‍ 26 നാണ് കോടികളുടെ സ്വത്തിന്റെ അവകാശിയായ ശോഭ പട്ടിണി കിടന്ന് ആരുമറിയാതെ വീട്ടിനുള്ളില്‍ മരിച്ചത്. മാനസിക നില തെറ്റിയ ശ്രുതിയെ അമ്മ മരിച്ചതറിയാതെ മൃതദേഹം കെട്ടിപ്പിടിച്ച നിലയിലാണ് കണ്ടെത്തിയത്.
മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തിലെ പട്ടിണി മരണത്തെ തുടര്‍ന്ന് പ്രതിപക്ഷ കക്ഷികള്‍ മന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും മറ്റു പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.സംഭവം വിവാദമായിരുന്നു.കോടികളുടെ സ്വത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Post Your Comments