കണ്ണൂര്‍ : ടി.പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാന്‍ നീക്കം. നിലവില്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ബന്ധുക്കളെ കാണാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം.അതേസമയം, ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ ഇത്തരമൊരു തീരുമാനം താന്‍ മുന്‍കൂട്ടി കണ്ടിരുന്നതാണെന്ന് ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമ പറഞ്ഞു.
11 പ്രതികളാണ് ടി.പി കേസില്‍ മൂന്ന് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. പി.കെ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും നിലവില്‍ കണ്ണൂര്‍ ജയിലിണ്ട്. മറ്റ് തടവുകാരുമായി സംഘര്‍ഷം ഉണ്ടാകാതിരിക്കാനാണ് പ്രതികളെ മൂന്ന് ജയിലുകളിലായി പാര്‍പ്പിച്ചിരിക്കുന്നത്. ഇത് വിജയകരമായെന്നും ജയില്‍ വകുപ്പ് വിലയിരുത്തിയിരുന്നു. നിലവില്‍ കേസിലെ പ്രതികളായ ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വാഴപ്പടിച്ചി റഫീഖ് എന്നിവര്‍ പൂജപ്പുര ജയിലിലും കൊടി സുനി ഉള്‍പ്പെടെ ആറുപേര്‍ വിയ്യൂരിലുമാണ് ഉള്ളത്.
എന്നാല്‍, ഏറെ രാഷ്ട്രീയ ബന്ധങ്ങളുള്ള ടി.പി കേസ് പ്രതികളെയെല്ലാം കണ്ണൂരിലേയ്ക്ക് എത്തിക്കുന്നത് ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍.കോഴിക്കോട് ജില്ലാ ജയിലില്‍ ഫേസ്ബുക്ക് ഉപയോഗിച്ചതിനും സഹ തടവുകാരെ ആക്രമിച്ചതിനും ഈ പ്രതികളില്‍ ചിലര്‍ക്കെതിരെ കേസുണ്ട്. ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 2011 മുതലാണ് ഇവര്‍ തടവിലാക്കപ്പെട്ടത് .സി പിഎം അധികാരത്തിലെത്തിയതോടെയാണ് പ്രതികളുടെ താത്പര്യപ്രകാരം എല്ലാവരെയും കണ്ണൂരില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത് എന്ന് രമ ആരോപിച്ചു.
Post Your Comments