പുതിയ തേജസ് അണിയറയിൽ; ഇവന് മുന്നിൽ എതിരാളികൾ നിഷ്‌പ്രഭം

2021 ൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് യുദ്ധവിമാനങ്ങളുടെ പുതിയ പതിപ്പ് മാർക് 1എ ഉൽപാദനം തുടങ്ങും. 2027 ആകുമ്പോഴേക്കും തേജസ് മാർക് 1എ പതിപ്പിൽ 80 പോർവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട റഡാര്‍, അത്യാധുനിക ആയുധ സംവിധാനങ്ങൾ എന്നിവയായിരിക്കും തേജസ് മാർക് 1എ പോർവിമാനത്തിൽ സവിശേഷതയെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ അറിയിച്ചു.

4.5 തലമുറയില്‍ പെട്ടവയാണ് തേജസ് മാര്‍ക് 1 എ പോര്‍വിമാനങ്ങള്‍. അഞ്ചാം തലമുറയില്‍പെട്ട എഎംസിഎ പോര്‍ വിമാനങ്ങള്‍ നിര്‍മിക്കാനായി പ്രത്യേകം പദ്ധതി ഇന്ത്യക്കുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കർ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നത് ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡും (എച്ച്എഎല്‍) ഡിആർഡിഒയും ചേർന്നാണ്.

ഇന്ത്യ അഞ്ചാം തലമുറയില്‍പെട്ട പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ആർജിച്ചുകഴിഞ്ഞെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ റാഹ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ആദ്യത്തെ ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റുകളുടെ (എല്‍സിഎ) നിര്‍മാണം ആരംഭിച്ചത് ഈ വര്‍ഷം ജൂലൈ ഒന്നിനാണ്. 2018-19 ആകുമ്പോഴേക്കും 18 ഐഒസി എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാനാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം.

Share
Leave a Comment