India

എഡിജിപി ബി.സന്ധ്യയും മാര്‍ക്കേണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : എഡിജിപി ബി.സന്ധ്യ സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കേണ്ഡേയ കട്ജുവുമായി കൂടിക്കാഴ്ച നടത്തി. സൗമ്യവധക്കേസുമായി ബന്ധപ്പെട്ട് നോയിഡയിലുള്ള കട്ജുവിന്റെ വസതിയില്‍ വെച്ച് തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കൂടിക്കാഴ്ച. സൗമ്യ വധക്കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന കെ.രവീന്ദ്രബാബുവും കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷനും എഡിജിപിക്കൊപ്പം ഉണ്ടായിരുന്നു.നിയമോപദേശം തേടിയായിരുന്നു കൂടിക്കാഴ്ച.

സൗമ്യവധക്കേസ് വിധിക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലുള്ള വാദം തിങ്കളാഴ്ച തന്നെ പൂര്‍ത്തിയായ സാഹചര്യത്തില്‍ എന്തിനാണ് പുതിയ ഒരു ഉപദേശം സന്ധ്യ തേടിയതെന്നും വ്യക്തമായിട്ടില്ല. നവംബര്‍ 11 നാണ് കേസ് ഇനി സുപ്രീംകോടതി പരിഗണിക്കുന്നത്.
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ നടപടി തെറ്റാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനോട് നേരിട്ട് ഹാജരാവാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടത്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സമീപിക്കുകയാണെങ്കില്‍ മാത്രം നിയമോപദേശം നല്‍കാമെന്ന് നിലപാടാണ് കാട്ജുവില്‍ നിന്നുണ്ടായതെന്നാണ് സൂചന. അതേ സമയം കട്ജുവുമായുള്ള കൂടിക്കാഴ്ചയില്‍ വിചാരണ കോടതി ജഡ്ജിയായിരുന്ന കെ.രവീന്ദ്രബാബു എന്തിനാണ് പങ്കെടുത്തതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. കേസില്‍ വിധി പറഞ്ഞ ഒരു ജഡ്ജി പ്രോസിക്യൂഷനോടൊപ്പം മേല്‍ക്കോടതി വിളിച്ചു വരുത്തിയ ആളെ കണ്ടതിലുള്ള അനൗചിത്യം നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല സൗമ്യവധക്കേസ് വിധിക്കെതിരെ സുപ്രീംകോടതിയെ ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ച് കോടതി വിളിച്ചു വരുത്തിയ കട്ജുവിന്റെ നിയമോപദേശം എന്തിന് തേടുന്നു എന്നും ചോദ്യമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button