ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍നിന്നും എപ്പോള്‍ വേണമെങ്കിലും തിരിച്ചടികള്‍ പ്രതീക്ഷിക്കാം. പാക്ക് ചാരസംഘടനകള്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ-സംഭരണശാലകളാണ്. ഇന്റലിജന്‍സ് ബ്യൂറോയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് പെട്രോളിയം മന്ത്രാലയത്തിന് നല്‍കിയത്.
ഈ മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥനുമായി പാക്ക് ചാരന്‍ നടത്തിയ സംഭാഷണങ്ങള്‍ പിടിച്ചെടുത്തിരുന്നു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഏതുനിമിഷവും തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്‌ഐ ചാരന്‍, ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗമായ ‘റോ’യിലെ ഉദ്യോഗസ്ഥനാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനെ ടെലിഫോണില്‍ ബന്ധപ്പെട്ടത്.
ഈ സംഭാഷണം ഇന്റലിജന്‍സ് ബ്യൂറോ പിടിച്ചെടുക്കുകയായിരുന്നു. രാജസ്ഥാനിലുള്ള അതീവ രഹസ്യസ്വഭാവമുള്ള ഹൈഡ്രോകാര്‍ബണ്‍ പൈപ്പ് ലൈനിനെപ്പറ്റിയാണ് പാക്ക് ചാരന്‍ അന്വേഷിച്ചത്. കൂടാതെ ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഇയാള്‍ ചോദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഫേക്ക് ഐഡികളും വിലാസങ്ങളും വഴി ഉദ്യോഗസ്ഥരുമായി പല തരത്തിലും പാക്ക് ചാരന്മാര്‍ ബന്ധപ്പെടുന്നുവെന്നാണ് വിവരം. ഒരു കാരണവശാലും വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും നിര്‍ദ്ദേശമുണ്ട്.
എണ്ണശുദ്ധീകരണ പൈപ്പ് ലൈനുകള്‍ തകര്‍ക്കുന്നതിലൂടെ കുറേക്കാലം പല മേഖലകളിലെയും ഊര്‍ജ വിതരണം തടയാനും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കാനും സാധിക്കും. ചാരന്മാരുടെ ലക്ഷ്യവും ഇതുതന്നെയാവാം.
Post Your Comments