തിരുവനന്തപുരം:പൊതുമേഖലാ നിയമനങ്ങള്‍ക്ക് സ്ഥിരംസമിതി നിർബന്ധമാക്കി സർക്കാർ ഉത്തരവ്.ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നതപദവികളിലെ നിയമനത്തിന് ഇനി വിജിലന്‍സിന്റെ മുന്‍കൂര്‍ അനുമതി തേടണം.കൂടാതെ ഭാവിയിലെ നിയമനങ്ങള്‍ക്ക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന സ്ഥിരം സമിതിക്ക് രൂപംനല്കാനും അംഗീകാരമായിട്ടുണ്ട്.
വ്യക്തികളുടെ പ്രവര്‍ത്തന പശ്ചാത്തലം, യോഗ്യത എന്നിവ സംബന്ധിച്ച് വിജിലന്‍സ് വകുപ്പിന്റെ അംഗീകാരത്തോടെ മാത്രമേ നിയമനം നടത്താവൂ എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാൽ ഇതുപാലിക്കാതെയാണ് ഇത്തവണ നിയമനങ്ങള്‍ നടന്നിട്ടുള്ളത്.വ്യവസായവകുപ്പിലെ പൊതുമേഖലാസ്ഥാപനങ്ങളില്‍ ബന്ധുനിയമനം നടത്തിയ ഇ.പി. ജയരാജന്റെ നടപടിക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ആസൂത്രണ സാമ്പത്തികകാര്യവകുപ്പ് ഈ ഉത്തരവിറക്കിയത്.ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് (ബി.പി.ഇ) എന്ന വിഭാഗത്തിനാണ് ഇപ്പോള്‍ പൊതുമേഖലാസ്ഥാപനങ്ങളുടെ മേല്‍നോട്ടം. നിയമനത്തിനുള്ള വിദഗ്ധസമിതിയെ ഇതിന്റെ കീഴിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇപ്പോള്‍ ഇത്തരം നിയമനങ്ങള്‍ക്ക് മേല്‍നോട്ടം നല്കാന് സമഗ്രമായ സംവിധാനമില്ല.എന്നാല്‍, സെക്രട്ടേറിയറ്റ് വകുപ്പിന്റെ പദവിയുള്ള ബി.പി.ഇ.യ്ക്ക് എല്ലാ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കാന് അധികാരമുണ്ട്.ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുനിയമനങ്ങളെപ്പറ്റി അന്വേഷിക്കുന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് വിവിധസ്ഥാപനങ്ങളിലെ നിയമനങ്ങളെക്കുറിച്ച് അതത് വകുപ്പുകളുടെ വിശദീകരണം തേടിയിട്ടുണ്ട്.കൂടാതെ കഴിഞ്ഞകാലങ്ങളില്‍ പുലര്‍ത്തിയ മാനദണ്ഡമെന്തെന്ന് വ്യക്തമാക്കണമെന്നും വിജയാനന്ദ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, നിയമനങ്ങള്‍ സുതാര്യമാക്കാനുള്ള ബില്‍ നിയമസഭയുടെ ഈ സമ്മേളനത്തിലുണ്ടാകില്ല.മറ്റുസംസ്ഥാനങ്ങളിലെ നിയമനരീതികള്കൂടി പഠിച്ചശേഷം മാത്രമായിരിക്കും ഈ നിയമത്തിന് രൂപംനല്‍കുക.
Post Your Comments