ബ്രെക്സിറ്റ് പ്രാവര്‍ത്തികമാകുന്നതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ബ്രിട്ടനു വേണ്ടി യൂറോപ്പിന് വെളിയിലുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി തെരേസാ മേയുടെ ശ്രമങ്ങളില്‍ ആദ്യ പരിഗണന ഇന്ത്യയ്ക്ക്. വരുന്ന നവംബറില്‍ തെരേസാ മേ ബ്രിട്ടനിലെ ചെറുകിട-ഇടത്തരം വ്യാപാരങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സംഘത്തോടൊപ്പം ഇന്ത്യ സന്ദര്‍ശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരെമേറ്റെടുത്ത ശേഷം തെരേസാ മേ യൂറോപ്പിനു വെളിയില്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശരാജ്യമാകും ഇന്ത്യ.
യൂറോപ്യന്‍ യൂണിയനു വെളിയില്‍, ബ്രിട്ടന് പരമപ്രധാനമായ ഒരു ആഗോളസ്ഥാനം നേടിക്കൊടുക്കുക എന്ന തന്‍റെ ദൗത്യത്തിലെ സുപ്രധാനമായ ഒരേടായിരിക്കും തെരേസയെ സംബന്ധിച്ച് നവംബറിലെ ഇന്ത്യാസന്ദര്‍ശനം. നവംബര്‍ 6 മുതല്‍ 8 വരെ തെരേസ ഇന്ത്യയില്‍ ഉണ്ടാകും.
ബ്രെക്സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതു വരെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടനുമായുള്ള വ്യാപാരചര്‍ച്ചകള്‍ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് രാജ്യത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലും കൂടിയാണ് തെരേസയുടെ ഇന്ത്യാ സന്ദര്‍ശനം.
“ഇന്ത്യയിലേക്കുള്ള ഈ വാണിജ്യ-വ്യാപാര ഉദ്യമം തങ്ങള്‍ ആരംഭിക്കുന്നതോടു കൂടി ബ്രിട്ടനാണ് ഏറ്റവും അഭിവാഞ്ചയുള്ള, ഏറ്റവും സ്ഥിരതയുള്ള, ഏറ്റവും മതിപ്പുളവയ്ക്കാന്‍ കഴിയുന്ന സ്വതന്ത്രവ്യാപാര സന്ദേശവാഹകന്‍ എന്ന സന്ദേശം ലോകത്തിന് നല്‍കപ്പെടും” എന്ന് തെരേസാ മേ അഭിപ്രായപ്പെട്ടു.
കഴിഞ്ഞകാലത്തെ വ്യാപാര-വാണിജ്യ ഉദ്യമങ്ങള്‍ വലിയ ബിസിനസ്സ് സംരഭങ്ങളെയാണ് പ്രോത്സാഹിപ്പിച്ചിരുന്നതെങ്കില്‍, ഇത്തവണ ചെറുകിട-ഇടത്തരം വ്യാപാര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനമാണ് തെരേസ കൈക്കൊണ്ടിരിക്കുന്നത്. ബ്രിട്ടന്‍റെ എല്ലാ ഭാഗത്തേയും പ്രതിനിധീകരിക്കുന്ന ചെറുകിട-ഇടത്തരം വ്യാപാരസംരംഭങ്ങള്‍ ഈ തീരുമാനത്തിന്‍റെ ഭാഗമാണ്.
ഇതില്‍ ഉള്‍പ്പെടുന്ന ചില കമ്പനികളാണ് – വെയ്ല്‍സിലെ കാര്‍ഡിഫില്‍ നിന്നുള്ള ജിയോലാങ്ങ് എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനി, തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ടോര്‍ഫ്ടെക് എന്ന ബയോമാസ് എനര്‍ജി കമ്പനി, കേംബ്രിഡ്ജില്‍ നിന്നുള്ള ഹൈ-ടെക് വയര്‍ലെസ് സ്ട്രീറ്റ് ലൈറ്റിംഗ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്ന ടെലെന്‍സ എന്ന കമ്പനി മുതലായവ.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന മേ, തുടര്‍ന്ന്‍ അദ്ദേഹത്തോടൊപ്പം ന്യൂഡല്‍ഹിയില്‍ ഒരു ടെക് സമ്മിറ്റും ഉദ്ഘാടനം ചെയ്യും.
Post Your Comments