ന്യൂഡല്‍ഹി: മത, വ്യക്തിനിയമങ്ങള്‍ ഭരണഘടനയ്യ്ക്ക് അനുസൃതമായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ലിംഗസമത്വം ഉറപ്പുവരുത്താന്‍ കഴിയുന്ന വ്യക്തിനിയമങ്ങളാണ് ആവശ്യപ്പെന്നും ജയ്റ്റ്ലി അഭിപ്രായപ്പെട്ടു. മുത്തലാഖുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയും ഏകീകൃത സിവില്‍ കോഡിനെ പറ്റി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച സജീവമാക്കിയിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റില്‍ ജയ്റ്റ്ലി ഇക്കാര്യം അഭിപ്രായപ്പെട്ടത്.മൗലികാവകാശങ്ങളുമായി ബന്ധിപ്പിച്ച് വ്യക്തിനിയമങ്ങളെ കാണാന്‍ മുന്‍ സര്‍ക്കാരുകള്‍ മടി കാണിച്ചിരുന്നു.
എന്നാല്‍ നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തമായി നിലപാടോടെയാണ് മുന്നോട്ട് പോകുന്നത്. അതേസമയം മുത്തലാഖിന്റെ ഭരണഘടനാപരമായ സാധുതയും ഏകീകൃത സിവില്‍ കോഡും വ്യത്യസ്ത വിഷയങ്ങളാണ്. മുത്തലാഖ് പ്രശ്നം മാത്രമാണ് നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്നും ജയ്റ്റ്ലി ചൂണ്ടിക്കാട്ടി. നേരത്തെ ഏകീകൃത സിവില്‍ കോഡ് സംബന്ധിച്ചും മുസ്ലീങ്ങള്‍ക്കിടയിലെ മൂന്ന് തലാഖ് വിവാഹമോചന സമ്പ്രദായം സംബന്ധിച്ചും പൊതുജനങ്ങളുടെ അഭിപ്രായമാരാഞ്ഞ് നിയമ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് രംഗത്തെത്തി.
‘ബഹുഭാര്യാത്വവും മുത്തലാഖും നിയമവിരുദ്ധമാക്കണമെന്നും ഇത്തരം കാര്യങ്ങളെ മതവിശ്വാസത്തിന്റെ ഭാഗമായി കാണാനാവില്ലെന്നും ഒക്ടോബര്‍ ഏഴിന് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചിരുന്നു. മതാചാരങ്ങളും പൗരാവകാശങ്ങളും വേര്‍തിരിച്ച് കാണണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഏകീകൃത സിവില്‍ കോഡിനെ സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്. നെഹ്രു ഗവണ്‍മെന്റ് മുതലുള്ള വിവിധ സര്‍ക്കാരുകള്‍ ഹിന്ദു വ്യക്തിനിയമ പരിഷ്കരണ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ വ്യക്തിനിയമങ്ങളിലും പരിഷ്കരണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.ഏകീകൃത സിവില്‍ കോഡ് സാദ്ധ്യമാണോ എന്നതിനേക്കാള്‍ പ്രസക്തമായ വിഷയം വിവിധ മത വ്യക്തിനിയമങ്ങളുടെ പരിഷ്കരണമാണ്.’ സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്ന വ്യക്തിനിയമ പരിഷ്കരണങ്ങള്‍ അനിവാര്യമാണെന്നും അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
Post Your Comments