കൊച്ചി● കൊച്ചി ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ തീയേറ്ററുകളില്‍ വില്പന നടത്തുന്ന ആഹാര സാധനങ്ങള്‍ക്ക് തീവില ഈടാക്കുന്നതായി ലഭിച്ച പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തീയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് ഉത്തരവിട്ടു.
ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ രണ്ടാംദിന സിറ്റിംഗിലാണ് ഈ നടപടി. 54 പരാതികള്‍ ഇന്നലെ പരിഗണിച്ചു. ഇതിനു പുറമെ 25 പരാതികള്‍ പുതുതായി ലഭിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി. മറ്റു കേസുകള്‍ അടുത്തമാസം ഒമ്പതിനു നടക്കുന്ന സിറ്റിംഗില്‍ കൂടുതല്‍ വാദത്തിനായി മാറ്റി.
സംസ്ഥാനത്തെ കോടതികളില്‍ അഭിഭാഷകര്‍ മാധ്യമവിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും ഇതിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പൗരാവകാശ പ്രവര്‍ത്തകള്‍ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പ്ലാസ്റ്റിക് മുട്ട സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കി.
എറണാകുളം നഗരത്തില്‍ ബസുകളില്‍ വര്‍ധിച്ചുവരുന്ന പോക്കറ്റടി, ബസുകളില്‍ സ്ത്രീകളെ ശല്യം ചെയ്യല്‍, മുളവുകാട് റോഡ് വികസനം, നെട്ടൂര്‍ ഫെറിയില്‍ ബോട്ട് സര്‍വീസ് മുടങ്ങിയത്, കൊച്ചിന്‍ റിഫൈനറി വികസനപ്രവര്‍ത്തനങ്ങളെത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച പരാതികളില്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയയ്ക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
Post Your Comments