കുവൈറ്റ് സിറ്റി: സ്‌പോണ്‍സറുടെ ചതിമൂലം ദുരിതത്തിലായ മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നാടണയാന്‍ വഴിയൊരുങ്ങി.
ജോണ്‍, അനീഷ്, ഷിബിന്‍ എന്നിവരാണ് നാട്ടിലേക്ക് വിമാനം കയറുന്നത്. ജോലി നഷ്ടപ്പെട്ട് ഭക്ഷണവും താമസസ്ഥലവും കിട്ടാതെ 12 തമിഴ്‌നാട് സ്വദേശികളാണ് ദുരിതജീവിതം നയിച്ചിരുന്നത്. ഇവരില്‍ ഒന്‍പത് വലിയ തുക നല്‍കി ഒത്തുതീര്‍പ്പാക്കി നേരത്തേ തിരിച്ചുപോയിരുന്നു. പണമില്ലാത്തതിനാല്‍ ദുരിതത്തിലായ മൂന്നു പേര്‍ക്കാണ് വെല്‍ഫെയര്‍ കേരള കുവൈത്ത് ഭാരവാഹികളുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇടപെടല്‍ തുണയായത്. ഒരു വര്‍ഷത്തോളം സ്വദേശിയുടെ കീഴില്‍ ശമ്പളം നല്‍കാതെ ജോലിചെയ്യിക്കുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. സ്‌പോണ്‍സറോട് ശമ്പളവും സിവില്‍ ഐഡിയും മെഡിക്കല്‍ കാര്‍ഡും ചോദിച്ചപ്പോള്‍ ഒരു പേപ്പറില്‍ ഒപ്പിട്ടുവാങ്ങി.
ഓരോരുത്തരും 2000 ദിനാര്‍ വീതം കുവൈറ്റ് സ്വദേശിക്ക് കൊടുക്കാനുണ്ട് എന്ന് എഴുതിയ ഈ പേപ്പര്‍ കാട്ടി പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്തു. തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളിലാണ് ജോലിയും പാര്‍പ്പിടവും ഭക്ഷണവും നഷ്ടപെട്ടത്.
പിന്നീട് ഇന്ത്യന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇവരുടെ കാര്യത്തിനായി ഇടപ്പെട്ടു. ഇതിന്റെ ഫലമായി ഇന്ത്യന്‍ എംബസി നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോവാന്‍ അവസരമൊരുക്കിയത്.
കഴിഞ്ഞദിവസം മൂന്നുപേരുടെയും പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചു. ഇവര്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് വിമാനം കയറും.
Post Your Comments