ന്യൂഡല്‍ഹി: പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന സരസ്വതി നദി യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നതായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. ഹിമാലയത്തില്‍ നിന്ന് ഉദ്ഭവിച്ച് പടിഞ്ഞാറന്‍ കടലില്‍ (അറബിക്കടല്‍) പതിച്ചിരുന്ന നദിയായിരുന്നു സരസ്വതിയെന്ന് സമിതി അദ്ധ്യക്ഷന്‍ പ്രൊഫ.കെ.എസ്.വാല്‍ദിയ പറഞ്ഞു.സമിതി റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി ഉമ ഭാരതി വ്യക്തമാക്കി.
ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെയാണ് നദി ഒഴുകിയിരുന്നത്.മൂന്നിലൊന്ന് ഭാഗം ഒഴുകിയിരുന്നത് ഇപ്പോള്‍ പാകിസ്ഥാനായ ഭൂപ്രദേശത്ത് കൂടിയാണ്. നദിയുടെ 3000 കിലോമീറ്ററോളം ഇപ്പോഴത്തെ ഇന്ത്യന്‍ ഭൂപ്രദേശത്തു കൂടിയാണ് ഒഴുകിയിരുന്നത്.പടിഞ്ഞാറും കിഴക്കും സരസ്വതിക്ക് രണ്ട് കൈവഴികളുണ്ടായിരുന്നു. പടിഞ്ഞാറന്‍ കൈവഴിയുടെ ഭാഗമാണ് ഇപ്പോഴത്തെ സത്ലജ് നദി.റാന്‍ ഒഫ് കച്ച് പിന്നിട്ട് പാകിസ്ഥാന്‍ പ്രദേശത്ത് കൂടി ഒഴുകിയാണ് സരസ്വതി അറബിക്കടലിലെത്തിയിരുന്നതെന്നും കേന്ദ്ര ഉപരിതല ജല ബോര്‍ഡിലെ (സി.ജി.ഡബ്ല്യു.ബി) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
ആറ് മാസത്തെ പഠനത്തിന് ശേഷമാണ് ഏഴംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 4000 കിലോമീറ്ററോളം ദൈര്‍ഘ്യം നദിക്കുണ്ടായിരുന്നുവെന്നും സരസ്വതി നദി കടന്നുപോയിരുന്ന മേഖലകളില്‍ 1700ഓളം ചെറുതും വലുതുമായ പട്ടണങ്ങളുണ്ടായിരുന്നതായും വാല്‍ദിയ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.5,500 വര്‍ഷത്തോളം ഇവ നിലനിന്നതായാണ് സമിതിയുടെ നിഗമനം.പല നഗരങ്ങളും 100 ഹെക്ടറിലധികം വലുപ്പമുള്ളതായിരുന്നുവെന്നും സമിതി കണ്ടെത്തി.
Post Your Comments