ബറേലി: ബലാത്സംഗത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ച ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ഉത്തര്‍പ്രദേശില്‍ ദമ്പതിമാരുടെ തിരക്ക്. ഗര്‍ഭഛിദ്രം അനുവദിക്കണമെന്ന പെണ്‍കുട്ടി കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിച്ചതിനെത്തുടർന്ന് ബറേലിയിലെ ആശുപത്രിയില്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുടെ അവസ്ഥ അറിഞ്ഞ കുട്ടികളില്ലാത്ത ദമ്പതിമാരാണ് കുട്ടിയെ ദത്തെടുക്കാന്‍ തയ്യാറായി ആശുപത്രിയിലെത്തിയത്.
പന്ത്രണ്ടോളം ദമ്പതിമാര്‍ കുട്ടിയെ ദത്തെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നും തങ്ങള്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ് ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കോടതിയാണ് കുട്ടിയുടെ ഭാവി തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ തന്നെ കാണാന്‍ വരുന്നവരോടു താന്‍ എന്തു മറുപടി പറയാനാണെന്നും പിതാവ് ചോദിച്ചു. കുട്ടിയുടെ ഭാവി സംബന്ധിച്ചു തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് അല്ലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടി.
ആശുപത്രിയില്‍ ദത്തെടുക്കല്‍ വാഗ്ദാനവുമായെത്തിയ ദമ്പതികളിലേറെയും കുട്ടികളില്ലാത്തവരും ആണ്‍കുട്ടികളെ ആഗ്രഹിക്കുന്നവരുമാണ്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ സമീപിക്കുന്നതിനു പുറമേ ചില ദമ്പതിമാര്‍ പെണ്‍കുട്ടിയെ താമസിപ്പിച്ചിരിക്കുന്ന ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ടുമായും ഇക്കാര്യം ചര്‍ച്ച നടത്തി. തനിക്കു തീരുമാനമെടുക്കാനാവില്ലെന്നും ജില്ലാ മജിസ്ട്രേറ്റിനെ സമീപിക്കാനും ആവശ്യപ്പെട്ടാണ് തന്നെ സമീപിക്കുന്നവരെ മടക്കി അയക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments