ബാഗ്ദാദ്: ഇറാഖി തലസ്ഥാനം ബാഗ്ദാദില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ മനുഷ്യക്കുരുതി. 55 പേര്‍ക്കാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഇന്നത്തെ പൈശാചികതയില്‍ ജീവന്‍ പൊലിഞ്ഞത്. ഐഎസ് നിയന്ത്രണത്തില്‍ അവശേഷിക്കുന്ന ഏക ഇറാഖി നഗരമായ മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി ഇറാഖി സേന മുന്നേറുന്നതിനിടയിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൂട്ടക്കുരുതിയുമായി ഐഎസ് ബാഗ്ദാദിനെ നടുക്കിയത്.
ഷിയ മുസ്ലീങ്ങളുടെ പ്രധാന ആഘോഷമായ അഷൂറ ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്താണ് ഐഎസ് ആദ്യഅക്രമണം നടത്തിയത്. ഇവിടെ നടന്ന ചാവേറാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരയില്‍ ബോംബ് കെട്ടി എത്തിയ ചാവേര്‍ ചടങ്ങുകള്‍ നടക്കുന്ന കൂടാരത്തില്‍ കടന്ന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
രണ്ടാമത് തിക്രിത് നഗരത്തിലെ പോലീസ് ചെക്ക് പോസ്റ്റിനു നേരെ നടന്ന അക്രമണത്തിലാണ് ബാക്കി ജീവനുകള്‍ പൊലിഞ്ഞത്. വെടിവെയ്പ്പില്‍ എട്ടു പോലീസുകാര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റിനെ എതിര്‍ക്കുന്ന സുന്നി സൈനികസംഘത്തിന്‍റെ തലവനേയും കുടുംബത്തെയും ലക്ഷ്യമിട്ടുള്ള അക്രമണവും ഐഎസ് ഇന്ന്‍ നടത്തി.
Post Your Comments