സിപിഎം കേഡറുകള്‍ തന്നെ ആക്രമിച്ചതായി പരാതിപ്പെട്ട് ത്രിപുര ബിജെപി പ്രസിഡന്‍റ് ബിപ്ലാബ് കുമാര്‍ ദേബ് രംഗത്തെത്തി. അഗര്‍ത്തലയിലുള്ള തന്‍റെ വസതിയുടെ വെളിയില്‍ വച്ച് സിപിഎം
കേഡറുകളായ ആളുകള്‍ തന്നെ അക്രമിച്ചു എന്നാണ് ദേബ് പരാതിപ്പെട്ടിരിക്കുന്നത്. ദേബിന്‍റെ പരാതിയെത്തുടര്‍ന്ന്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഗര്‍ത്തലയിലെ കൃഷ്ണനഗര്‍ പ്രദേശത്തുള്ള ദേബിന്‍റെ വീടിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തില്‍ രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന മിനിട്രക്ക് ഇടിച്ചതിനെത്തുടര്‍ന്ന്‍ ഇന്നലെ ചെറിയ
സംഘര്‍ഷം ഉണ്ടായിരുന്നു. പക്ഷേ, വെസ്റ്റ് അഗര്‍ത്തല പോലീസ് സ്റ്റേഷനിലെ ഡ്യൂട്ടി ഓഫീസര്‍ പറയുന്നത് ഈ യുവാക്കള്‍ ദുര്‍ഗ്ഗാദേവിയുടെ പ്രതിമ നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ലോക്കല്‍ ക്ലബ്ബിലെ രണ്ട് അംഗങ്ങളാണ് എന്നാണ്.
സംഘര്‍ഷം ഉണ്ടായ അവസരത്തില്‍ സ്ഥലത്തെത്തിയ പോലീസ് രണ്ട് യുവാക്കളേയും അറസ്റ്റ് ചെയ്തു. ഈ രണ്ട് യുവാക്കളും സിപിഎം അംഗങ്ങളാണെന്നും അവര്‍ വണ്ടിയപകടം ഉണ്ടാക്കി തന്‍റെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയായിരുന്നു എന്നുമാണ് ദേബ് പറയുന്നത്. തന്‍റെ സുരക്ഷാ ഉദ്യോഗസ്ഥനേയും ഈ യുവാക്കള്‍ മര്‍ദ്ദിച്ചതായി ദേബ് പരാതിപ്പെട്ടു. മര്‍ദ്ദനത്തില്‍ നിന്ന്‍
രക്ഷപെടാനായി സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്‍റെ കൈവശം ഉണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വായുവിലേക്ക് നിറയൊഴിച്ചതായും ദേബിന്‍റെ മൊഴിയില്‍ പറയുന്നു.
ഇതിനുമുന്‍പ് ഒക്ടോബര്‍ 11-നും സിപിഎമ്മിന്‍റെ ലോക്കല്‍ കമ്മിറ്റി അംഗമായ ശന്തനു ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ സിപിഎം സംഘം തന്നെ അക്രമിക്കാന്‍ ശ്രമിച്ചിരുന്നതായും, ത്രിപുര സ്റ്റേറ്റ് റൈഫിള്‍സാണ് അന്ന്‍ തന്നെ രക്ഷിച്ചതെന്നും ദേബ് പറയുന്നു. അതിനാല്‍ തന്നെ ഇന്നലത്തേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഒരു അക്രമണം ആയിരുന്നു എന്നത് ഉറപ്പാണ് എന്നാണ് ദേബിന്‍റെ
വിലയിരുത്തല്‍.
തന്‍റെ ആദ്യ പരാതിയിന്മേല്‍ പോലീസ് നടപടി എടുത്തിരുന്നെങ്കില്‍ ഇന്നലത്തെ പോലത്തെ സംഭവം ഉണ്ടാകുമായിരുന്നില്ല എന്ന്‍ പറഞ്ഞ ദേബ് സിപിഎം അക്രമത്തെപ്പറ്റി ബിജെപി ദേശീയഅദ്ധ്യക്ഷന്‍
അമിത് ഷാ, കേന്ദ്രഅഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരേയും അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
Post Your Comments