ന്യൂഡല്‍ഹി : ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോര്‍ത്താന്‍ ഹണി ട്രാപ് നടത്തിയ പാക്ക് നീക്കം തകര്‍ത്തു. ചാറ്റ് ആപ്ലിക്കേഷന്‍, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്താനായിരുന്നു നീക്കം. എന്നാല്‍ ഐ.എസ്.ഐ ചാരന്‍മാരുടെ നീക്കം നേരത്തെ കണ്ടെത്തിയ ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ ഇടപെട്ടു തകര്‍ക്കുകയായിരുന്നു.
ഇന്‍സ്റ്റാഗ്രാമും ട്വിറ്ററുമാണ് സൈബര്‍ ആക്രമണത്തിനായി ഐ.എസ്.ഐ ഉപയോഗിക്കുന്നത്. മാസങ്ങളോളം നിലനില്‍ക്കുന്ന പ്രൊഫൈലുകള്‍ രഹസ്യങ്ങള്‍ ചോര്‍ത്തല്‍ പൂര്‍ത്തിയാകുന്നതോടെ അപ്രത്യക്ഷമാകുകയാണ് പതിവ്. ഫേസ്ബുക്ക് വ്യാജ പ്രൊഫൈലുകളില്‍ വ്യാജ സുന്ദരിമാരുടെ ചിത്രങ്ങളാണ് ചാരസംഘടനകള്‍ ഉപയോഗിയ്ക്കുന്നത്. ചിലപ്പോള്‍ മോഡലുകളുടെ ചിത്രങ്ങളും ഉപയോഗിക്കുന്നു. വേണ്ടിവന്നാല്‍ മോഡലുകളുടെ നഗ്ന ചിത്രങ്ങള്‍ വരെ പകര്‍ത്തി ഉപയോഗിക്കാനും ഇവര്‍ക്ക് മടിയില്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിലൂടെ വ്യാജന്‍ അല്ലെന്ന് വരുത്താന്‍ ശ്രമം നടക്കും. പെട്ടെന്ന് വീഴ്ത്താനായി മ്യൂച്ചല്‍ ഫ്രണ്ടിനെ ഉപയോഗിക്കാനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്. ബ്രിട്ടന്‍, യുഎസ്, ഫ്രാന്‍സ് തുടങ്ങി രാജ്യങ്ങളിലെ സ്ഥലങ്ങളാണ് പ്രൊഫൈലില്‍ നല്‍കുന്നത്. പ്രൊഫൈല്‍ നോക്കിയാല്‍ ഒരിക്കലും സംശയം തോന്നില്ല. ദിവസവും എന്തെങ്കിലും പോസ്റ്റിടാനും ഇവര്‍ ശ്രദ്ധിക്കുന്നു.
സൈബര്‍ ഹണിട്രാപുകള്‍ക്കായി വാര്‍ഷിക ബജറ്റ് തുക 3,500 കോടിയാണ്. ചില കേസുകളില്‍ ഹണിട്രാപിനായി സ്ത്രീകളെയും ഉപയോഗപ്പെടുത്താറുണ്ട്. ഇതിനായി ഐഎസ്‌ഐയ്ക്ക് വനിതകളുടെ സംഘം തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഓരോ ഹണിട്രാപിനും അഞ്ചു മുതല്‍ 25 ലക്ഷം വരെയാണ് ചെലവാക്കുന്നത്. വിവരങ്ങളുടെ സ്വഭാവം അനുസരിച്ച് ചില സമയങ്ങളില്‍ ചെലവ് കൂട്ടാറുമുണ്ട്. ഓരോ ട്രാപിനും മാസങ്ങള്‍ ചെലവിടാറുണ്ട്. വിവരങ്ങള്‍ കിട്ടി കഴിഞ്ഞാല്‍ ഫേസ്ബുക്ക് പ്രൊഫൈലും മൊബൈല്‍ നമ്പറും പിന്നെ കണ്ടെന്ന് വരില്ല.
കൂടുതല്‍ കേസുകളിലും പുരുഷന്‍ തന്നെയാണ് സ്ത്രീയായി ആശയവിനിമയം നടത്തുക. ഓഡിയോ ചാറ്റിങ്ങിനായി സ്ത്രീകളെ ഉപയോഗപ്പെടുത്തും. കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് വൃത്തിക്കെട്ട ഭാഷ വരെ ഇവര്‍ ഉപയോഗിക്കുന്നുണ്ട്. മുഖം വ്യക്തമല്ലാതെ വീഡിയോ ചാറ്റ് വരെ നടത്തി വ്യാജമല്ലെന്ന് ബോധ്യപ്പെടുത്തും.
ബന്ധം വളരുന്നതോടെ വ്യാജ സുന്ദരിമാര്‍ സെക്‌സി ചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കും. ഇതോടെ ഇരകളും അവരുടെ രഹസ്യ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി വാട്‌സ് ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍ വഴി അയച്ചുകൊടുക്കും. എന്നാല്‍ ചതിയാണെന്ന് മനസ്സിലായി പിന്‍മാറാന്‍ ശ്രമിച്ചാല്‍ നഗ്ന വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ഹണി ട്രാപിന്റെ പതിവ് .
ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളും നാഷണല്‍ സെക്യൂരിറ്റി ഡാറ്റാ ബേസും സംയുക്തമായാണ് പാക്ക് സൈബര്‍ ആക്രമണം തകര്‍ത്തത്. സാജിദ് റാണ, ആബിദ് റാണ എന്നീ രണ്ടു പാക്കിസ്ഥാനികളാണ് 300 അംഗങ്ങളുമായി ഐ.എസ്.ഐയുടെ സഹായത്തോടെ ഇന്ത്യന്‍ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ കെണിയൊരുക്കിയത്.
Post Your Comments