ന്യൂഡല്‍ഹി : പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. പാകിസ്താനോട് വളരെ അടുപ്പമുള്ള ചൈന അടക്കമുള്ള ഒരു രാജ്യവും ഇന്ത്യയുടെ സൈനിക നടപടിയെ ഇതുവരെ വിമര്‍ശിച്ചിട്ടില്ലെന്നും ഇസ്ലാമിക രാജ്യങ്ങള്‍പോലും ഇന്ത്യയെ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
മിന്നലാക്രമണം നടത്തുന്ന വിവരം അമേരിക്കയെപ്പോലും ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മിന്നലാക്രമണം നടത്തിയ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍പോലും ഇതേക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം രാജ്യം അമേരിക്ക അടക്കമുള്ള ഒരു രാജ്യങ്ങള്‍ക്കും അടിയറവയ്ക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു. മിന്നലാക്രമണത്തെ ലോകരാജ്യങ്ങളോന്നും അപലപിക്കാതിരുന്നത് പാകിസ്താന്റെ മനോവീര്യം കെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭീകര താവളങ്ങള്‍ക്കുനേരെ അതിര്‍ത്തി കടന്ന് സൈന്യം മിന്നലാക്രമണം നടത്തിയെന്ന അവകാശവാദത്തെക്കുറിച്ച് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ളവ സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. യുദ്ധമുണ്ടാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ രാജ്യത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായാല്‍ ഇത്തരം സൈനിക നടപടിക്ക് മടിക്കില്ലെന്നും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments