India

മിന്നലാക്രമണം : കോണ്‍ഗ്രസ് വാദത്തെ തള്ളി മനോഹര്‍ പരീക്കര്‍

മുംബൈ : യുപിഎ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണം നടത്തിയുട്ടെണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു വര്‍ഷമായി താനാണ് പ്രതിരോധ മന്ത്രി, എന്നാല്‍ പ്രതിരോധമന്ത്രിയെന്ന നിലയ്ക്കുള്ള തന്റെ എല്ലാ അറിവിന്റേയും അടിസ്ഥാനത്തില്‍ അത്തരത്തിലൊരു ആക്രമണം സൈന്യം നടത്തിയിട്ടില്ലെന്ന് തനിക്ക് പറയാനാകുമെന്ന് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. എന്നാല്‍ അതിര്‍ത്തികളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം പോലെ ഒരു സര്‍ജിക്കല്‍ ആക്രമണം ഇന്ത്യന്‍ സൈന്യം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടത്തിയതായി തനിക്ക് അറിവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. അതിര്‍ത്തിയില്‍ അത്തരത്തില്‍ നടക്കുന്ന ആക്രമണങ്ങള്‍ സര്‍വ്വസാധാരണമാണെന്നും അതിനെ സര്‍ജിക്കല്‍ ആക്രമണവുമായി താരതമ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് അതത് സൈനിക കമാന്‍ഡര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ചെറിയ നീക്കങ്ങളാണ്. അത്തരം നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരമില്ലാതെ നടക്കുന്നവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ രാഷ്ടീയം കലര്‍ത്തരുതെന്നും അത് സൈന്യത്തിന്റെ നീക്കമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം നടത്താനുള്ള തീരുമാനം സൈന്യത്തിന്റേത് ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി പോലും ആക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും സൈന്യത്തിനാണ് നല്‍കിയിരിക്കുന്നത്. സര്‍ജിക്കല്‍ ആക്രമണത്തിന്റെ വിജയം രാജ്യത്തെ 127 കോടി ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്ന സമയത്ത് ഓപ്പറേഷന്‍ ജിഞ്ചര്‍ എന്ന പേരില്‍ 2011 ല്‍ ഇന്ത്യ ആക്രമണം നടത്തിയതിന്റെ രേഖകള്‍ ഒരു ദേശീയ പത്രം പുറത്തു പുറത്തു വിട്ടിരുന്നു. ഇന്ത്യന്‍ സൈനിക ക്യാമ്പിനു നേരെ ആക്രണം നടത്തിയ പാക് സൈനിക നടപടിക്ക് പ്രതികാരമായി ഇന്ത്യ പാക് അധീന കശ്മീരില്‍ കടന്നാക്രമിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. എട്ടു പാക് സൈനികരെ കൊലപ്പെടുത്തിയെന്നും അതില്‍ മൂന്ന് പേരുടെ തലയറുത്താണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരാക്രമണം നടത്തിയിട്ടില്ലെന്നാണ് മനോഹര്‍ പരീക്കര്‍ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button