
കാശ്മീർ: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണരേഖയില്‍ സുരക്ഷാ സംവിധാനങ്ങള്‍ സൈന്യം ശക്തമാക്കി. പാകിസ്താനില്‍ നിന്നുണ്ടാകുന്ന ഏതുതരത്തിലുള്ള ആക്രമണവും നേരിടാന്‍ തങ്ങൾ തയ്യാറാണെന്ന് സൈന്യം അറിയിച്ചു. ഞങ്ങള്‍ സദാസമയവും ജാഗരൂകരാണ്. സുരക്ഷ സംവിധാനങ്ങൾ ഉയര്‍ത്തിയിട്ടുണ്ടെന്നും നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും നിയന്ത്രണ രേഖയിലെ നൗഷെറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യന്‍ സൈന്യം സെപ്റ്റംബർ 28ന് മിന്നലാക്രമണം നടത്തിയ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഭിംബറിന് എതിരെയുള്ള സെക്ടറാണ് നൗഷെര്‍. സൈന്യം ഒരു സംഘം മാധ്യമപ്രവര്‍ത്തകരെ നിയന്ത്രണ രേഖയില്‍ എത്തിച്ച് സ്ഥിതിഗതികള്‍ വിവരിക്കുകയും ചെയ്തു. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. വലിയ ആവേശത്തിലാണ് സൈനികരും. ഞങ്ങള്‍ 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണെന്ന് ഒരു സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മിന്നലാക്രമണത്തിന് ശേഷം 26 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടിവയ്പ്പില്‍ ഇതുവരെ നാല് സൈനികര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും പരിക്കേറ്റു.
Post Your Comments