കുറച്ച് നാളുകള്‍ക്ക് മുമ്പ് വരെ മലയാള സിനിമകളിലെ പഞ്ച് ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ വസ്ത്ര വിപണിയില്‍ മാറ്റം സൃഷ്ഠിച്ചിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ ആനക്കള്ളന്‍ ഗാനം അവതരിപ്പിച്ച മ്യുസിക് ബാന്‍ഡായ അവിയല്‍ ബാന്‍ഡാണ് ഇത്തരത്തിലൊരു പരീക്ഷണം ടി ഷര്‍ട്ടിനു പുറത്ത് ആദ്യമായി ചെയ്തത്. അത് ഏറ്റെടുത്ത വസ്ത്രനിര്‍മ്മാതാക്കള്‍ക്ക് യുവജനങ്ങളില്‍നിന്ന് നല്ല സ്വീകരണം ലഭിച്ചു.
എന്നാൽ ഇപ്പോഴിതാ സിനിമ പഞ്ച് ഡയലോഗുകൾക്ക് വിരാമമിട്ട് നമ്മുടെ മുഖ്യമന്ത്രിയുടെ വിവാദമായൊരു ഡയലോഗാണ് ടി ഷര്‍ട്ടിന് പുറത്ത് അച്ചടിച്ച് വന്നിരിക്കുന്നത്. സ്വാശ്രയമെഡിക്കല്‍ പ്രവേശന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സഭനിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫിപറമ്പില്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി പറഞ്ഞതായിരുന്നു മുഖ്യമന്ത്രിയുടെ ഈ ഡയലോഗ്. ‘ബഹളം വെച്ചാലും പറയേണ്ടതു പറയും, പോയി വേറേ പണിനോക്കെ’ന്നായിരുന്നു അന്ന് പിണറായി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഈ പരമാര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. പിണറായിയുടെ ഈ പരാമര്‍ശത്തിനെതിരെ ട്രോളുകളിലൂടെ സോഷ്യല്‍മീഡിയയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ ടി ഷര്‍ട്ടിന്റെ പുറത്തും അച്ചടിച്ചു വരുന്നത്. ടി ഷര്‍ട്ട് വില്‍പന നടക്കുന്നത് കോട്ടണ്‍കാപ്പി എന്ന സൈറ്റിലൂടെയാണ്. ടി ഷര്‍ട്ടിന്റെ വില 499 രൂപയാണ്. വിവിധ നിറങ്ങളിലുള്ള ടി ഷര്‍ട്ട് ചില കടകളിലും ലഭ്യമാണ്.
കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വൈറലായ ഡയലോഗും ടി ഷര്‍ട്ടില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിയമസഭയില്‍ ഞങ്ങള്‍ എന്തൊക്കെ ഉന്നയിക്കണമെന്ന് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് കുറിച്ച പോസ്റ്റിനാണ് യുഡിഎഫ് ഭരണകാലത്തെ അഴിമതി അടക്കമുള്ള പ്രശ്‌നങ്ങളെ കുറിച്ച് ആരായണമെന്ന് ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ നിര്‍ദേശിച്ചത്. താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി എനന്നായിരുന്നു പ്രതിപക്ഷ നേതാവ് മിക്ക നിര്‍ദേശങ്ങള്‍ക്കും മറുപടി നല്‍കിയത്. ഈ വാക്കുകളാണ് ടി ഷര്‍ട്ടിന്റെ പുറത്ത് അച്ചടിച്ച് വന്നിരിക്കുന്നത്.
Post Your Comments