ചെന്നൈ: ചികിത്സ രണ്ടാഴ്ച പിന്നിടുമ്പോഴും തമിഴ്‌നാട് മുഖ്യമന്ത്രി ജലളിതയുടെ രോഗം എന്തെന്ന കാര്യത്തില്‍ ആശുപത്രിയോ സംസ്ഥാന സര്‍ക്കാരോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 22നു രാത്രിയാണു ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവുമാണെന്നായിരുന്നു ആശുപത്രിയില്‍ നിന്നുള്ള ആദ്യ വിശദീകരണം. പിന്നീട് ഗുരുതരമായ രോഗമാണെന്ന് സ്ഥിരീകരിച്ചു.
തീവ്ര പരിചരണ വിഭാഗത്തിലെ വിദഗ്ദ്ധര്‍ ജയലളിതയ്ക്ക് മികച്ച ചികിത്സ നല്‍കി വരികയാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ജയലളിതയ്ക്ക് കൃത്രിമ ശ്വാസം നല്‍കുന്നത് തുടരുകയാണ്. ശ്വാസകോശത്തിലെ തടസം നീക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു കൂടുതല്‍ കാലം ചികില്‍സ വേണ്ടിവരുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമെന്ന സൂചനയാണ് തരുന്നത്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലാകെ ജാഗ്രതാ നിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ അധികച്ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഒരാഴ്ചയിലേറെയായി ചെന്നൈയില്‍ തന്നെ തങ്ങുന്നത് ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ കേന്ദ്ര സര്‍ക്കാരും ഗൗരവത്തോടെ കാണുന്നതിന്റെ സൂചനയാണ്.
അതേസമയം ഡി.എം.കെ. ഖജാന്‍ജിയും തമിഴ്‌നാട് പ്രതിപക്ഷനേതാവുമായ എം.കെ. സ്റ്റാലിന്‍ ശനിയാഴ്ച അപ്പോളൊ ആശുപത്രിയിലെത്തി ജയലളിതയുടെ ആരോഗ്യനില ആരാഞ്ഞു. ഡോക്ടര്‍മാരെയും സംസ്ഥാന ധനമന്ത്രി ഒ. പനീര്‍ശെല്‍വം, ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ എന്നിവരെയും അദ്ദേഹം കണ്ടു. മുഖ്യമന്ത്രി സുഖംപ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് തങ്ങള്‍ക്കുകിട്ടിയ വിവരമെന്ന് സ്റ്റാലിന്‍ പറഞ്ഞു. മുഖ്യമന്ത്രി എത്രയുംപെട്ടെന്ന് സുഖം പ്രാപിക്കാന്‍ ആശംസിക്കുകയാണെന്നും പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതനുസരിച്ചാണ് ആശുപത്രിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെ. നേതാക്കളായ ദുരൈമുരുകന്‍, പൊന്മുടി എന്നിവരും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് ജയലളിതയെന്ന തിരിച്ചറിവിലാണ് സ്റ്റാലിന്‍ ആശുപത്രിയില്‍ എത്തിയതെന്നാണ് സൂചന.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ജയലളിതയെ സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കൊന്നും ജയലളിതയെ കാണാനായില്ല.
ജയലളിതയ്ക്കു ഫിസിയോതെറപ്പി നല്‍കിവരുന്നതായും ശ്വസനം സുഗമമാക്കാനുള്ള ചികില്‍സ തുടരുന്നതായും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ശാരീരിക നിലയനുസരിച്ചു ശ്വസനസഹായിയും ക്രമീകരിക്കുന്നു. അതിനിടെ, ജയലളിത വഹിക്കുന്ന വകുപ്പുകളുടെ ചുമതലകള്‍ മറ്റു മന്ത്രിമാര്‍ക്കു കൈമാറുന്നതിനെക്കുറിച്ചു ചര്‍ച്ച സജീവമാണ്. 1984ല്‍ യുഎസില്‍ ചികില്‍സയ്ക്കു പോയപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എംജിആറിന്റെ വകുപ്പുകള്‍ രണ്ടു മന്ത്രിമാര്‍ക്കായി നല്‍കിയിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. ആഭ്യന്തരം, പൊതുഭരണം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ മുതിര്‍ന്ന മന്ത്രിമാരായ ഒ. പനീര്‍സെല്‍വത്തിനും എടപ്പാടി കെ. പളനിസാമിക്കും വിഭജിച്ചു നല്‍കാന്‍ സാധ്യതയേറെയാണെന്നാണു വിലയിരുത്തല്‍.
Post Your Comments